ക്യാൻസറിനുള്ള ഒറ്റമൂലിയായി ക്യാരറ്റ് ജ്യൂസ് എന്ന് സോഷ്യൽ മീഡിയ; ചികിത്സ ഒഴിവാക്കി ജ്യൂസ് സ്ഥിരമാക്കിയ 39 വയസുകാരിക്ക് സംഭവിച്ചത്
അസുഖം വന്നാൽ സ്വയം ചികിത്സ അരുതെന്ന് ആളുകൾക്ക് സ്ഥിരം നിർദ്ദേശം നൽകാറുള്ളതാണ്. ഏത് അസുഖം ആണെങ്കിലും ആശുപത്രിയിലെത്തി ഡോക്ടറെ കണ്ട് മരുന്ന് വാങ്ങുകയാണ് ഉചിതം. സമൂഹ മാധ്യമങ്ങളുടെയും ഇന്റർനെറ്റിന്റേയും ഉപയോഗം വർധിച്ചതോടെ സ്വയം രോഗനിർണയവും ചികിത്സയും കൂടി. അസുഖങ്ങൾ വരാതിരിക്കാനുള്ള മാർഗങ്ങളും അവയുടെ പ്രതിവിധികളും ഇന്ന് സോഷ്യൽ മീഡിയയിൽ ലഭ്യമാണ്. അസുഖത്തെ പ്രതിരോധിക്കാനായി പല വിദഗ്ദ്ധരും നിരവധി എളുപ്പവഴികൾ സോഷ്യൽ മീഡിയയിലൂടെയും നമുക്ക് പറഞ്ഞ് തരാറുണ്ട്. എന്നാൽ ഇവയൊക്കെ എത്രമാത്രം പ്രയോജനകരമാണ് എന്നുളളത് ആരും ചിന്തിക്കാറില്ല.
അത്തരത്തിലുള്ളൊരു സംഭവമാണ് ഇപ്പോൾ വർത്തയായിരിക്കുന്നത്. ക്യാൻസർ ബാധിതയായ ഒരു യുവതി സ്വയം ചികിത്സ നടത്തിയതിനെതുടർന്ന് ഗുരുതരാവസ്ഥയിലായ വാർത്തകളാണ് പുറത്തുവരുന്നത്. ഇംഗ്ലണ്ടിലാണ് സംഭവം. ഐറീന സ്റ്റോയ്നോവ എന്ന 39കാരിയാണ് സോഷ്യൽ മീഡിയയിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ സ്വയം ചികിത്സ നടത്തിയത്.
2021ലാണ് യുവതിക്ക് ക്യാൻസറാണെന്ന് സ്ഥിരീകരിച്ചത്. ഇതുമായി ബന്ധപ്പെട്ട് ഐറീന കീമോതെറാപ്പി ചെയ്യുന്നുണ്ടായിരുന്നു. എന്നാൽ ദിവസവും ക്യാരറ്റ് ജ്യൂസ് കുടിച്ചാൽ അസുഖം മാറുമെന്ന വീഡിയോ കണ്ടതോടെയാണ് യുവതി പൂർണമായും ആശുപത്രിയിലെ ചികിത്സ ഒഴിവാക്കിയത്.
ഐറീന ദിവസവും പലതരത്തിലുളള ജ്യൂസുകൾ ഭക്ഷണത്തിൽ ഉൾപ്പെടുത്താൻ തുടങ്ങി. യുവതി കൂടുതലും കുടിച്ചത് ക്യാരറ്റ് ജ്യൂസായിരുന്നു. ദിവസവും 13 കപ്പ് ക്യാരറ്റ് ജ്യൂസാണ് കുടിക്കുന്നതെന്നും ഇതോടെ ശരീരഭാരം നന്നായി കുറഞ്ഞെന്നും ഐറീന ബന്ധുക്കളോട് പറഞ്ഞിരുന്നു. ദിവസങ്ങൾക്കുളളിൽ യുവതിയുടെ ആരോഗ്യസ്ഥിതി മോശമാകുകയായിരുന്നു. തുടർന്ന് ബന്ധുക്കളാണ് യുവതിയെ ആശുപത്രിയിൽ എത്തിച്ചത്.
ഫ്രിംലി ഹെൽത്ത് എൻഎച്ച്എസ് ഫൗണ്ടേഷനിൽ നടത്തിയ പരിശോധനയിൽ അമിത അളവിൽ വൈറ്റമിനുകൾ ഐറീനയുടെ ശരീരത്തിലെത്തിയതാണ് ആരോഗ്യസ്ഥിതി മോശമാകാൻ കാരണമെന്ന് സ്ഥിരീകരിച്ചു. കൃത്യമായ ഇടവേളയിൽ കീമോതെറാപ്പി നടത്താത് മറ്റൊരു കാരണമാണെന്നും ഡോക്ടർമാർ അറിയിച്ചു.ഐറീനയുടെ ജീവൻ അപകടത്തിലാണെന്ന് ക്യാൻസർ രോഗ വിദഗ്ദ്ധനായ ഡോക്ടർ ക്ലെയർ റീസ് പറഞ്ഞു.