മോഷണക്കേസിൽ ജാമ്യത്തിലിറങ്ങി വിദേശത്തേക്ക് മുങ്ങി; തിരികെ മുംബൈയിൽ എത്തിയപ്പോൾ പിടിവീണു; 25 വയസുകാരൻ അറസ്റ്റിൽ
മലപ്പുറം: സ്വർണക്കവർച്ചാ കേസിലെ പ്രതിയെ മുംബൈയിൽ അറസ്റ്റിലായി. സ്കൂട്ടർ യാത്രികയായ യുവതിയെ പിന്തുടർന്നെത്തി വീട്ടിൽ അതിക്രമിച്ച് കയറി കവർച്ച നടത്തുകയായിരുന്നു. സംഭവത്തിൽ പിടിയിലായ പ്രതി ജാമ്യത്തിലിറങ്ങി മുങ്ങുകയായിരുന്നു. കൊണ്ടോട്ടി മുതുപറമ്പ് പരതക്കാട് വീട്ടിച്ചാലിൽ കെ വി മുഹമ്മദ് ഫവാസ് (25) ആണ് അറസ്റ്റിലായത്. സംഭവത്തിന് ശേഷം മറ്റൊരു മോഷണ കേസിൽ പിടിയിലായി ജാമ്യത്തിലിറങ്ങി വിദേശത്തേക്ക് മുങ്ങിയ പ്രതിയെ കഴിഞ്ഞ ദിവസം മുംബൈയിൽ എത്തിയപ്പോഴാണ് മുംബൈ പോലീസ് കസ്റ്റഡിയിലെടുത്ത് കൊണ്ടോട്ടി പോലീസിന് കൈമാറുകയായിരുന്നു. അറസ്റ്റ് ചെയ്ത ശേഷം പെരിന്തൽമണ്ണ കോടതിയിൽ ഹാജരാക്കിയ ഫവാസിനെ റിമാൻഡ് ചെയ്തു.
2023 നവംബറിലാണ് കേസിനാസ്പദമായ സംഭവം. സ്‌കൂട്ടറിൽ പോകുകയായിരുന്ന പുളിക്കൽ പഞ്ചായത്തംഗം അഷ്‌റഫിന്റെ മരുമകൾ മനീഷ പർവീനെ (27) ബൈക്കിൽ പിന്തുടർന്ന് വീട്ടിലേക്ക് അതിക്രമിച്ചു കയറി ആക്രമിച്ച് മാലയടക്കം ഒമ്പത് പവൻ സ്വർണം മോഷ്ടിക്കുകയായിരുന്നു. തുടർന്ന് സംഭവസ്ഥലത്തുനിന്ന് കടന്ന പ്രതി ഉപേക്ഷിച്ച ബൈക്ക് കൊണ്ടോട്ടി പൊലീസ് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽനിന്ന് കണ്ടെത്തിയതോടെയാണ് പ്രതിയെ കുറിച്ച് സൂചന ലഭിച്ചത്. ഇതിനു തൊട്ടടുത്ത ദിവസം മറ്റൊരു മോഷണ കേസിൽ കോടഞ്ചേരി പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തു. ഈ കേസിൽ ജാമ്യത്തിലിറങ്ങിയ ഫവാസ് വിദേശത്തേക്ക് കടന്നു.
പ്രതിക്കായി പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ ദിവസം മുംബൈ വിമാനത്താവളത്തിൽ വന്നിറങ്ങിയ ഫവാസിനെ വിമാനത്താവളത്തിൽ തടഞ്ഞുവെക്കുകയും മുംബൈ പോലീസ് കസ്റ്റഡിയിലെടുത്ത് കൊണ്ടോട്ടി പോലീസിന് കൈമാറുകയുമായിരുന്നു.