ലഹരിക്ക് പണം കണ്ടെത്താൻ നിർമാണം നടക്കുന്ന വീട്ടിലെ വയറുകൾ മോഷ്ടിച്ചു; തറയിൽ പെയിന്റ് ഒഴിച്ച് അസഭ്യമെഴുതി; ആറു യുവാക്കൾ അറസ്റ്റിൽ
തിരുവനന്തപുരം: ലഹരിക്കുള്ള പണം കണ്ടെത്താൻ നിര്‍മാണം നടന്നുകൊണ്ടിരുന്ന വീട്ടിലെ ഇലക്ട്രിക് വയറുകൾ മോഷ്ടിച്ചു. മുറികളിലും ടൈല്‍ പാകിയ തറകളിലും പെയിന്റുകള്‍ ഒഴിച്ച് കേടുവരുത്തുകയും ചെയ്തു. സംഭവത്തില്‍ ആറ് യുവാക്കളെ അറസ്റ്റുചെയ്തു. വിഴിഞ്ഞം ടൗണ്‍ ഷിപ്പ് സ്വദേശികളായ നജുമുദീന്‍(20), ഹാഷിം(21), കോട്ടപ്പുറം ചരുവിള സ്വദേശി ഷാലോ(21), മജീദ് (24), മാഹീന്‍(24), ഇസ്മയില്‍(21) എന്നിവരെയാണ് വിഴിഞ്ഞം പോലീസ് അറസ്റ്റുചെയ്തത്.
കഴിഞ്ഞ രണ്ടിന് പുലര്‍ച്ചെയാണ് സംഭവമെന്ന് പോലീസ് പറഞ്ഞു. വിഴിഞ്ഞം ആശുപത്രി റോഡില്‍ മണക്കാട് ആറ്റുകാല്‍ സ്വദേശി പദ്മരാജന്‍ നിര്‍മിക്കുന്ന പുതിയ വീട്ടിലാണ് ഇവര്‍ മോഷണം നടത്തിയത്. ലഹരിവാങ്ങാനുള്ള പണം കണ്ടെത്തുന്നതിനാണ് സംഘം ഇലക്ട്രിക്കല്‍ വയറുകള്‍ മോഷ്ടിച്ചതെന്ന് വിഴിഞ്ഞം പോലീസ് പറഞ്ഞു.
പ്രതീക്ഷിച്ചത്ര വയറുകള്‍ കിട്ടാത്തതിനെത്തുടര്‍ന്ന് പ്രകോപിതരായ ഇവര്‍ അവിടെ സൂക്ഷിച്ചിരുന്ന വിവിധ നിറത്തിലുള്ള പെയിന്റുകളും പശയും എടുത്ത് ഹാളിലെയും മുറികളിലെയും ചുമരുകളിലും ടൈല്‍ പാകിയ തറകളിലും ഒഴിച്ച് കേടുവരുത്തി. പെയിന്റ് ഉപയോഗിച്ച് ചുമരുകളില്‍ അശ്ലീലച്ചുവയുള്ള വാക്കുകളും എഴുതിവെച്ചു.
ഇവര്‍ കഴിഞ്ഞദിവസം വിഴിഞ്ഞം ടൗണ്‍ ഷിപ്പിലുള്ള ആരിഫാ ബീവിയുടെ കട കുത്തിത്തുറന്ന് മോഷണവും നടത്തി. സി.സി.ടി.വി.കളില്‍നിന്നു ലഭിച്ച ദൃശ്യങ്ങള്‍ ഉപയോഗിച്ചു നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ കുടുങ്ങിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.
എസ്.എച്ച്.ഒ. ആര്‍.ജയപ്രകാശ്, എസ്.ഐ. എം.പ്രശാന്ത്, ഗ്രേഡ് എസ്.ഐ. ഗിരീഷ് ചന്ദ്രന്‍, സീനിയര്‍ സി.പി.ഒ.മാരായ സുജിത്ത്, സാബു, സി.പി.ഒ.മാരായ പി.വി.രാമു, അരുണ്‍ പി.മണി എന്നിവരാണ് പ്രതികളെ അറസ്റ്റുചെയ്തത്.