ഗ്യാസ് പെട്ടന്ന് തീർന്നു പോകുന്നുണ്ടോ? പാചകം ചെയ്യുമ്പോൾ ഇങ്ങനെ ചെയ്താൽ മാസങ്ങളോളം ഉപയോഗിക്കാം

 ഗ്യാസ് പെട്ടന്ന് തീർന്നു പോകുന്നുണ്ടോ? പാചകം ചെയ്യുമ്പോൾ ഇങ്ങനെ ചെയ്താൽ മാസങ്ങളോളം ഉപയോഗിക്കാം

പാചക ഗ്യാസ് വാങ്ങി ഒന്നര മാസമൊക്കെ ആകുമ്പോൾ സിലിണ്ടർ കാലിയാകുന്നു എന്ന് സ്ഥിരമായി പരാതി പറയുന്ന ആളുകളുണ്ട്. പലരുടെയും അശ്രദ്ധമായ ഉപയോഗം കാരണമാണ് ഗ്യാസ് വളരെപ്പെട്ടെന്ന് തീരുന്നത്. ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ മൂന്ന് മാസം വരെയൊക്കെ ഗ്യാസ് ഉപയോഗിക്കാവുന്നതാണ്.

ചോർച്ചയെന്തെങ്കിലും ഉണ്ടോയെന്ന് പരിശോധിക്കുകയാണ് ആദ്യം ചെയ്യേണ്ടത്. ഉപയോഗ ശേഷം നന്നായി ഓഫാക്കണം. കൂടുതൽ വേവുള്ള സാധനങ്ങൾ പാകം ചെയ്യാൻ കുക്കർ ഉപയോഗിക്കുന്നതാണ് കൂടുതൽ അഭികാമ്യം.

അരി പാത്രത്തിലിട്ട് വേവിക്കുമ്പോൾ ഒരു മണിക്കൂറോളം ആവശ്യമായി വരും. അരിയുടെ വേവ് അനുസരിച്ച് സമയത്തിൽ വ്യത്യാസം വരാം. അരി കുക്കറിൽ വേവിച്ചാൽ സമയം പകുതിയായി കുറയും. ഹൈ ഫ്ലെയിമിൽ തന്നെ ഇട്ടാണ് മുഴുവൻ സമയവും വേവിക്കുന്നതെങ്കിൽ ചോറ് കുഴഞ്ഞുപോകാൻ സാദ്ധ്യതയുണ്ട്.

തെർമൽ കുക്കറോ റൈസ് കുക്കറോ വാങ്ങിക്കാൻ ബുദ്ധിമുട്ടില്ലെങ്കിൽ അതായിരിക്കും ഏറ്റവും നല്ലത്. അല്ലെങ്കിൽ വിറക് അടുപ്പ് ഉണ്ടെങ്കിൽ അതിൽ ചോറ് വയ്‌ക്കാം. ഇതിലേതെങ്കിലുമൊരു രീതി ഉപയോഗിച്ചാൽ ഗ്യാസ് ലാഭിക്കാം.

ഫ്രിഡ്ജിൽ വച്ച ഭക്ഷണം നേരിട്ട് പാചകം ചെയ്യരുത്. കുറച്ച് സമയം പുറത്ത് എടുത്തുവച്ച്, റൂം ടെംപറേച്ചറിലായതിന് ശേഷം മാത്രം അടുപ്പിൽ വയ്ക്കാം. ഇതും ഗ്യാസ് ലാഭിക്കാൻ സഹായിക്കും.കെറ്റിൽ ഉണ്ടെങ്കിൽ വെള്ളം അതിൽ ചൂടാക്കി വയ്‌ക്കാം. ബർണർ വൃത്തിയായി സൂക്ഷിക്കണം.

പാചകം ചെയ്യുമ്പോൾ മൂടി വയ്ക്കുക എന്നതാണ് ഏറ്റവും പ്രധാനപ്പെട്ടയൊരു കാര്യം. ഇങ്ങനെ ചെയ്യുമ്പോൾ ചൂട് പുറത്തുപോകാതെ എളുപ്പം വെന്തുകിട്ടും. പെട്ടെന്ന് കാര്യം കഴിയുമല്ലോ എന്ന് കരുതി ഹൈ ഫ്ലെയിമിൽ ഇട്ടാണ് പലരും മിക്കപ്പോഴും പാചകം ചെയ്യുന്നത്. എന്നാൽ ഇത് ഗ്യാസ് വേഗം തീരാൻ കാരണമാകും.

Leave a Reply

Your email address will not be published. Required fields are marked *