‘അതൊരു സാധാരണക്കാരൻ ആയിരുന്നെങ്കിൽ’; രോഹിത് ശര്‍മ്മ ദേശീയ പതാകയെ അപമാനിച്ചെന്ന് ആരോപണം
ന്യൂഡല്‍ഹി: ട്വന്റി 20 ലോകകപ്പ് കിരീടം നേടിയതിന് പിന്നാലെ ഇന്ത്യന്‍ നായകൻ രോഹിത് ശര്‍മ്മ ഏറെ സന്തോഷത്തിലും ആവേശത്തിലുമായിരുന്നു. ആഹ്ലാദപ്രകടനത്തിന്റെ ഭാഗമായി ബാര്‍ബഡോസിലെ പിച്ചില്‍ താരം ഇന്ത്യയുടെ ദേശീയ പതാക കുത്തിവെയ്ക്കുകയും ചെയ്തു. തുടർന്ന് രോഹിത് ശര്‍മ്മയുടെ സമൂഹമാധ്യമങ്ങളില്‍ ഈ ചിത്രം പ്രൊഫൈല്‍ ചിത്രമാക്കി. ഇപ്പോൾ ഇതിനെതിരെ ഒരുകൂട്ടം ആളുകള്‍ രംഗത്തെത്തിയിരിക്കുകയാണ്.
രോഹിത് ശര്‍മ്മ ദേശീയ പതാകയോട് അനാദരവ് കാട്ടിയെന്നാണ് ഇക്കൂട്ടരുടെ വാദം. 1971ലെ നാഷണല്‍ ഹോണര്‍ ആക്ട് പ്രകാരം ദേശീയ പതാക മനഃപൂർവ്വം നിലത്തോ മണ്ണിലോ വെള്ളത്തിലോ തൊടുവാന്‍ പാടില്ല. ഈ നിയമവും ആരോപണം ഉന്നയിച്ചവര്‍ ചൂണ്ടിക്കാട്ടുന്നു. ഇന്ത്യയിൽ സാധാരണക്കാരനാണ് ഈ പ്രവർത്തി ചെയ്യുന്നതെങ്കിൽ വലിയ കുറ്റമാകുമായിരുന്നുവെന്ന് ഒരാൾ പ്രതികരിച്ചു.
മുമ്പൊരിക്കല്‍ ഒരു ആരാധകന്‍ സമാനശ്രമം നടത്തിയപ്പോള്‍ എം എസ് ധോണി പിന്തിരിപ്പിച്ചെന്നും ഒരാള്‍ സമൂഹമാധ്യമങ്ങളില്‍ ചൂണ്ടിക്കാട്ടി. രോഹിത് ശര്‍മ്മ ചെയ്ത കുറ്റത്തിന് മൂന്ന് വര്‍ഷം വരെ തടവും ഒപ്പം പിഴയും ലഭിക്കാമെന്നും സമൂഹമാധ്യമങ്ങളില്‍ ചൂണ്ടിക്കാട്ടുന്നു. ഇത്തരമൊരു പ്രവർത്തി ഇന്ത്യൻ ക്യാപ്റ്റനിൽ നിന്നുണ്ടായത് നാണക്കേടെന്നും ഒരാൾ സമൂഹമാധ്യമങ്ങളിൽ കുറിച്ചിട്ടുണ്ട്.