മോഷ്ടാവ് പൂട്ട് തകർത്ത് വീടിനകത്ത് കയറി; മോഷണം കഴിഞ്ഞ് പോയപ്പോൾ പുതിയ പൂട്ടിട്ട് പൂട്ടി
പാലക്കാട്: പാലക്കാട് പൂട്ടിയിട്ടിരുന്ന വീടിന്റെ പൂട്ട് തകർത്ത് മോഷണം. പടിഞ്ഞാറങ്ങാടി ഉറവിൽ വീട്ടിൽ മുഹമ്മദിൻ്റെ വീട്ടിലാണ് സംഭവം. വീട്ടുകാരെല്ലാം രണ്ട് മാസമായി വിസിറ്റിങ് വിസയിൽ വിദേശത്താണ്. അതുകൊണ്ട് വീട് പൂട്ടി ഇട്ടിരിക്കുകയായിരുന്നു. ഇവർ വിദേശത്ത് നിന്നും മടങ്ങിവരാനിരിക്കേ വീട് വൃത്തിയാക്കാൻ എത്തിയ മക്കളാണ് മോഷണ വിവരം അറിയുന്നത്. വീടിൻ്റെ പിന്നിലുള്ള വാതിലിന്റെ പൂട്ട് തകർത്താണ് കള്ളൻ അകത്ത് കയറിയത്.
സ്വർണ്ണവും മറ്റ് വസ്തുവകകളും നഷ്ടമായിട്ടില്ല. വീട്ടിലെ ഹുണ്ടിക തകർത്ത നാണയങ്ങൾ ഉപേക്ഷിച്ച് നോട്ടുകൾ എല്ലാം കൊണ്ടുപോയി. രണ്ടായിരം രൂപയോളമാണ് ഹുണ്ടികയിൽ നിന്നും നഷ്ടമായതെന്നാണ് പ്രാഥമിക നിഗമനം. മോഷണ ശേഷം തിരിച്ചിറങ്ങിയ മോഷ്ടാവ് അടുക്കള വശത്തെ തകർത്ത പൂട്ടിന് പകരം പുതിയ പൂട്ടിട്ട് പൂട്ടിയ ശേഷമാണ് സ്ഥലം വിട്ടത്. തൃത്താല പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.