ഊട്ടിയിലെ കുതിരപ്പന്തയം നിലയ്ക്കുന്നു; പാട്ടത്തുകയിൽ കുടിശ്ശികയായതോടെ കടിഞ്ഞാണിട്ട് റവന്യു വകുപ്പ്
ഊട്ടി: ഊട്ടിയിലെ പ്രധാന വിനോദവും ഉല്ലാസവുമായിരുന്ന കുതിരപ്പന്തയം നിലയ്ക്കുന്നു. പാട്ടത്തുകയിൽ കുടിശ്ശിക വന്നതോടെയാണ് പന്തയമൈതാനം കഴിഞ്ഞദിവസം റവന്യു വകുപ്പ് പിടിച്ചെടുത്ത് മുദ്രവച്ചത്. മദ്രാസ് റെയ്സ് ക്ലബ്ബാണ് ഊട്ടിയില്‍ കുതിരപ്പന്തയം നടത്തിയിരുന്നത്.
1978-ല്‍ സര്‍ക്കാര്‍ 52.34 ഏക്കര്‍ ഭൂമി ക്ലബ്ബിന് പാട്ടത്തിന് കൊടുക്കുകയായിരുന്നു. 1986 മുതല്‍ പാട്ടത്തുക കുടിശ്ശികയായി. 2001-ല്‍ സര്‍ക്കാര്‍ നോട്ടീസ് അയച്ചെങ്കിലും ക്ലബ്ബ് കാര്യമാക്കിയില്ല. തുടര്‍ന്ന് പ്രശ്‌നം കോടതിയിലെത്തി. അതിനിടെ കുടിശ്ശിക 822 കോടി രൂപയായി ഉയര്‍ന്നു.
സ്ഥലം പിടിച്ചെടുക്കാനും പൊതു ആവശ്യത്തിനുവേണ്ടി ഉപയോഗിക്കാനും മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടു. തുടര്‍ന്ന് കനത്ത പോലീസ് സുരക്ഷയില്‍ ആര്‍.ഡി.ഒ. മഹാരാജിന്റെ നേതൃത്വത്തില്‍ റവന്യുവകുപ്പ് അധികൃതര്‍ മൈതാനത്തെത്തി നോട്ടീസ് പതിക്കുകയും മുദ്രവെക്കുകയുമായിരുന്നു.
തുടങ്ങിയത് ബ്രിട്ടീഷുകാര്‍
1846-ല്‍ ബ്രിട്ടീഷുകാരാണ് ഊട്ടിയില്‍ കുതിരപ്പന്തയം ആരംഭിച്ചത്. ആദ്യം പോണി കുതിരകളെവെച്ചായിരുന്നു മത്സരങ്ങള്‍. 1882-ല്‍ ജിംഖാന ക്ലബ് കുതിരപ്പന്തയം ഏറ്റെടുത്തു. 1894 മുതല്‍ ഇപ്പോഴത്തെ മൈതാനത്ത് മത്സരങ്ങള്‍ നടത്തി വന്നു.