ചാർളി അമ്മയായിരിക്കുന്നു; സന്തോഷവാർത്ത കേട്ട് ഓടിയെത്തി രക്ഷിത് ഷെട്ടി
നായപ്രേമികളുടെ ഹൃദയം കീഴടക്കിയ ചിത്രമായിരുന്നു രക്ഷിത് ഷെട്ടി നായകനായെത്തിയ ‘777 ചാർളി’. നായകനായി അഭിനയിച്ചത് രക്ഷിത് ഷെട്ടി ആയിരുന്നെങ്കിലും പ്രേഷകമാനം നിറച്ചത് സിനിമയിലെ ശ്വാനതാരമായ ചാർളിയാണ്. ഏറെ ആരാധകരുള്ള ചാർളിയുടെ ഏറ്റവും പുതിയ വിശേഷം രക്ഷിത് ഷെട്ടി പങ്കുവച്ചു. ചാർളി അമ്മയായ വിവരമാണ് താരം സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചിരിക്കുന്നത്. സന്തോഷവാർത്ത കേട്ട് ഓടിയെത്തിയ താരം ആറു നയക്കുട്ടികൾക്ക് ജന്മം നൽകിയ ചാർളിക്ക് ഒപ്പമുള്ള വിഡിയോയും പങ്കുവച്ചിട്ടുണ്ട്.
777 ചാർളി എന്ന സിനിമയുടെ കഥ പൂർണതയിൽ എത്തിയത് ദാ ഇപ്പോഴാണ് എന്നാണ് രക്ഷിത് ഷെട്ടി പറയുന്നത്. സിനിമയിലും ചാർളി ഗർഭിണിയാകുന്നതിനെ കുറിച്ചും ചിത്രീകരിച്ചിരുന്നു. നിലവിൽ ബി സി പ്രമോദാണ് ചാർളിയുടെ കെയർ ടേക്കർ. ചാർളിയെയും കുട്ടികളെയും കാണാൻ വാർത്തയറിഞ്ഞ് രക്ഷിത് ഓടിയെത്തുകയായിരുന്നു.
ഞങ്ങളുടെ കുടുംബത്തിലേക്കുള്ള ഏറ്റവും പുതിയ അംഗങ്ങളെ നിങ്ങൾക്ക് മുന്നിൽ പരിചയപ്പെടുത്തുന്നതിൽ ഞാൻ അത്രത്തോളം സന്തോഷവാനാണ്. ചാർളി ഇപ്പോൾ 6 ഓമനത്തമുള്ള നായ്ക്കുട്ടികളുടെ അഭിമാനിയായ അമ്മയാണ്, രക്ഷിത് കുറിച്ചു.
സിനിമയുടെ ചിത്രീകരണ നാളുകളിൽ ചാർളിയുമായി അത്രത്തോളം ആത്മബന്ധമുണ്ടായിയെന്ന് രക്ഷിത് ഒരിക്കൽ അഭിമുഖത്തിൽ പറഞ്ഞിരുന്നു. 20 കോടി ബജറ്റിലൊരുക്കിയ ചിത്രം 100 കോടിയാണ് ബോക്സ് ഓഫീസിൽ വാരിയത്. കിരൺ രാജിന്റെ ആദ്യ സംവിധാന സംരംഭമാണ് 777 ചാർളി. ചിത്രം മലയാളത്തിലടക്കം ഹിറ്റടിച്ചിരുന്നു, മാത്രമല്ല മികച്ച കന്നഡ സിനിമയ്ക്കുള്ള ദേശീയ പുരസ്കാരവും 777 ചാർളി നേടിയിരുന്നു.