‘ഇഡിയെ കാത്തിരിക്കുന്നു, ചായയും ബിസ്‌കറ്റും തരാം’; ഇഡി റെയ്‌ഡിന് നീക്കമെന്ന് വിവരം ലഭിച്ചതായി രാഹുൽ ഗാന്ധി
ന്യൂഡൽഹി: രാഹുൽ ഗാന്ധിയുടെ പാർലമെന്റ് പ്രസംഗത്തിൽ കുപിതരായ കേന്ദ്ര സർക്കാർ തനിക്കെതിരെ ഇഡിയെ അയച്ച് റെയ്‌ഡ് നടത്താൻ തീരുമാനിച്ചതായി ഏജൻസിക്ക് അകത്ത് നിന്ന് വിവരം ലഭിച്ചെന്ന് രാഹുൽ ഗാന്ധി. ഇഡിയെ കാത്തിരിക്കുകയാണെന്നും ചായയും ബിസ്ക്കറ്റും തരാമെന്നും എക്സിലെ തൻ്റെ അക്കൗണ്ടിൽ രാഹുൽ ഗാന്ധി പരിഹാസ സ്വരത്തിൽ എഴുതി. പാർലമെൻറിലെ തൻറെ ചക്രവ്യൂഹം പ്രസംഗത്തിൽ പ്രകോപിതരായ രണ്ടിൽ ഒരാളാണ് അന്വേഷണ ഏജൻസികളോട് റെയ്‌ഡ് നടത്താൻ ആവശ്യപ്പെട്ടതെന്നും രാഹുൽ ഗാന്ധി ആരോപിച്ചിട്ടുണ്ട്.