യുവതിക്ക് പാമ്പുകടിയേറ്റു; രക്ഷകരായത് പ്രതിയുമായി പോയ പോലീസുകാർ

 യുവതിക്ക് പാമ്പുകടിയേറ്റു; രക്ഷകരായത് പ്രതിയുമായി പോയ പോലീസുകാർ

കോട്ടയം: പാമ്പ് കടിയേറ്റ യുവതിക്ക് രക്ഷകരായി പ്രതിയുമായി പോയ കേരള പോലീസ്. കാനം കാപ്പുകാട് സ്വദേശി രേഷ്മയ്ക്കാണ് (28) കഴിഞ്ഞ ദിവസം പാമ്പ് കടിയേറ്റത്. രാത്രി പത്തരയോടെയാണ് സംഭവം. ഭർത്താവ് പ്രദീപിനൊപ്പം വീട്ടുമുറ്റത്ത് നടക്കുമ്പോഴാണ് രേഷ്മയ്ക്ക് പാമ്പ് കടിയേറ്റത്.

ഉടൻ തന്നെ ആംബുലൻസ് വിളിച്ച ശേഷം പ്രദീപ് രേഷ്മയെ എടുത്ത് റോഡിലേക്ക് ഇറങ്ങുമ്പോഴായിരുന്നു പോലീസ് വാഹനം അതുവഴി വന്നത്. ചങ്ങനാശേരി പോലീസിന്റെ വാ​​ഹനമായിരുന്നു അത്. വജ്രാഭരണ മോഷണക്കേസിലെ പ്രതിയെ പൊൻകുന്നം സബ് ജയിലിൽ പ്രവേശിപ്പിക്കുന്നതിനായി പോകുകയായിരുന്നു പോലീസുകാർ.

വഴിയിലെ ആൾക്കൂട്ടം കണ്ടാണ് പോലീസ് വാഹനം ഒതുക്കിയത്. പ്രദീപിൽ നിന്നും വിവരങ്ങളറിഞ്ഞതും വിലങ്ങണിഞ്ഞിരുന്ന പ്രതിയെ പിൻസീറ്റിലേക്ക് മാറ്റിയിരുത്തിയ ശേഷം ഇവർ രേഷ്മയെയും പ്രദീപിനെയും പോലീസ് വാഹനത്തിൽ കയറ്റി ആശുപത്രിയിലേക്ക് തിരിച്ചു. ചങ്ങനാശ്ശേരി എസ്ഐടിഎം എബ്രഹാമിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമായിരുന്നു അവർ. സിവിൽ പോലീസ് ഓഫീസർമാരായ എം ഷമീർ, ബി ബൈജു എന്നിവരും വാഹനത്തിലുണ്ടായിരുന്നു.

വാഴൂർ ടിഎംഎം ആശുപത്രിയിലാണ് രേഷ്മയെ ആദ്യം എത്തിച്ചത്. പിന്നീട് വി​ദ​ഗ്ധ ചികിത്സയ്ക്കായി പാലാ മാർ സ്ലീവാ മെഡിസിറ്റിയിലേക്ക് മാറ്റുകയായിരുന്നു. ആംബുലൻസ് എത്താൻ കാത്തുനിൽക്കാതെ വീണ്ടും പോലീസ് വാഹനത്തിൽ തന്നെയാണ് രേഷ്മയെ പാലാ മാർ സ്ലീവാ മെഡിസിറ്റിയിലേക്ക് എത്തിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *