‘സനാതന ധര്‍മത്തെ നശിപ്പിക്കാനാവില്ല, അതിനു ശ്രമിക്കുന്നവരെ തുടച്ചുനീക്കും’; ‘കാത്തിരുന്ന് കാണാമെ’ന്ന് ഉദയനിധി

 ‘സനാതന ധര്‍മത്തെ നശിപ്പിക്കാനാവില്ല, അതിനു ശ്രമിക്കുന്നവരെ തുടച്ചുനീക്കും’; ‘കാത്തിരുന്ന് കാണാമെ’ന്ന് ഉദയനിധി

ചെന്നൈ: സനാതന ധർമത്തിനെതിരെ പറയരുതെന്ന് മുന്നറിയിപ്പുമായി ആന്ധ്രപ്രദേശ് ഉപമുഖ്യമന്ത്രി പവൻ കല്യാൺ. സനാതന ധര്‍മത്തെ നശിപ്പിക്കാനാവില്ലെന്നും, ആരെങ്കിലും അതിനു ശ്രമിച്ചാല്‍ അവരെ തുടച്ചുനീക്കുമെന്നുമുള്ള പവൻ കല്യാണിന്റെ പ്രസ്താവന രാഷ്ട്രീയ പോരിലേക്ക് പോവുകയാണ്. ഡെങ്കി, മലേറിയ വൈറസുകളെ പോലെ തുടച്ചുനീക്കപ്പെടേണ്ടതാണ് സനാതന ധര്‍മം എന്ന തമിഴ്‌നാട് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിന്റെ പഴയ പ്രസ്താവനയെ ഉന്നമിട്ടുകൊണ്ടായിരുന്നു പവന്റെ പരാമര്‍ശം.

തമിഴ്‌നാട് പ്രോഗ്രസീവ് റൈറ്റേഴ്‌സ് ആന്‍ഡ് ആര്‍ട്ടിസ്റ്റ്‌സ് അസോസിയേഷന്‍ കഴിഞ്ഞ വര്‍ഷം സംഘടിപ്പിച്ച ചടങ്ങിലായിരുന്നു ഉദയനിധി സ്റ്റാലിന്റെ പരാമര്‍ശം.

‘ചില കാര്യങ്ങള്‍ എതിര്‍ക്കാന്‍ കഴിയില്ല, അവ ഇല്ലാതാക്കാന്‍ മാത്രമേ കഴിയൂ. ഡെങ്കി, കൊതുകുകള്‍, മലേറിയ, കൊറോണ പോലുള്ളവയെ നമുക്ക് എതിര്‍ക്കാന്‍ കഴിയില്ല. അവയെ ഇല്ലാതാക്കണം. അതുപോലെ സനാതന ധര്‍മത്തെയും നമുക്ക് തുടച്ചുനീക്കണം’, എന്നായിരുന്നു ഉദയനിധി സ്റ്റാലിന്റെ പ്രസ്താവന. ഇത് വലിയ വിവാദമായിരുന്നു.

പവന്‍ കല്യാണിന്റെ പരാമര്‍ശത്തെക്കുറിച്ചു ചോദിച്ച മാധ്യമ പ്രവര്‍ത്തകരോട്, ”കാത്തിരുന്നു കാണാം” എന്നു മാത്രമാണ് ഉദയനിധി മറുപടി പറഞ്ഞത്.

തിരുപ്പതി ക്ഷേത്രത്തിലെ ലഡ്ഡു വിവാദത്തിനു ശേഷം നിരന്തരം സനാതന ധര്‍മത്തെക്കുറിച്ച് ആവര്‍ത്തിച്ച് പ്രഖ്യാപനങ്ങള്‍ നടത്തിവരുകയാണ്, പവന്‍ കല്യാണ്‍. തിരുപ്പതി ക്ഷേത്രത്തിലെ ശുദ്ധിക്രിയകളില്‍ നേരിട്ട് പങ്കെടുക്കുന്ന പവന്‍ കല്യാണ്‍ പ്രായശ്ചിത്ത ദീക്ഷ സ്വീകരിക്കുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *