ആളില്ലാത്ത വീട്ടിൽ മോഷണശ്രമം; കള്ളനെ വിദേശത്തിരുന്ന് വീട്ടുടമ കണ്ടു; തുണയായത് സിസിടിവി
ആലുവ: ആളില്ലാത്ത വീടുകളിൽ മോഷണം നടകുത്തിപ്പോൾ പതിവാണ്. ആലുവയിലെ തോട്ടക്കാട്ടുകരയിൽ അത്തരമൊരു സംഭവം വിദേശത്തിരുന്ന് കണ്ട് മോഷണശ്രമം പൊളിച്ചിരിക്കുകയാണ് വീട്ടുടമസ്ഥൻ. സംസ്ഥാനത്ത് ഇത്തരം മോഷണങ്ങൾ പതിവാകുമ്പോൾ വിദേശമലയാളിയുടെ ശ്രമം ശ്രദ്ധേയമാവുകയാണ്.
ഏറെ അദ്ധ്വാനിച്ച് സമ്പാദിച്ച് ആശിച്ച് പണിത വീടും വിട്ട് മെച്ചപ്പെട്ട അവസരം കൈയ്യിൽ വന്നപ്പോളാണ് ആലുവ തോട്ടക്കാട്ടുകരയിലെ ഡോ.ഫിലിപ്പ് വിദേശത്തേക്ക് മാറിയത്. എന്നാൽ ആലുവയിലെ പ്രിയപ്പെട്ട ഇടത്ത് എന്നുമൊരു ഇ കണ്ണ് സൂക്ഷിച്ചു. ആലുവ മണപ്പുറം ആൽത്തറ റോഡിലെ തന്‍റെ വീട്ടിൽ മോഷ്ടാക്കൾ എത്തിയത് ഡോ.ഫിലിപ്പും കുടുംബവും അങ്ങ് കുവൈറ്റിലിരുന്ന് കണ്ടതുകൊണ്ടാണ് തടയാൻ സാധിച്ചത്. രാത്രി 7മണിയോടെ നാട്ടിലെ വീട്ടിലെ കാഴ്ച വൈ ഫൈ വഴി കുവൈറ്റിൽ ലഭ്യമാക്കിയ ഫിലിപ്പ് വൈകീട്ട് അതിലേക്കൊന്ന് കണ്ണോടിച്ചു.
വീടിന്റെ ദൃശ്യങ്ങൾ കണ്ടതും ഡോ ഫിലിപ്പ് ഞെട്ടി. ഒരാൾ വീടിനകത്തേക്ക് കടക്കാൻ ശ്രമിക്കുന്നു. മുകൾ ഭാഗത്തെ വാതിൽ പൊളിക്കാനാണ് മോഷ്ടാവ് ശ്രമിക്കുന്നത്. രണ്ട് പേർ വീടിന് പുറത്ത് പുഴയുടെ ഭാഗത്തായി കാവലാണ്. ദൃശ്യം കണ്ട് ഫിലിപ്പും കുടുംബവും തൊട്ടടുത്ത് തോട്ടക്കാട്ടുകരയിലുള്ള സുഹൃത്തിനെ വിളിച്ച് കാര്യം പറഞ്ഞു. ഇയാൾ വീട്ടിലേക്ക് വരുന്നത് കണ്ട ഉടനെ മോഷ്ടാക്കൾ കവർച്ചശ്രമം ഉപേക്ഷിച്ച് ഓടി രക്ഷപ്പെടുകയായിരുന്നു. അങ്ങനെ സിസിടിവി ഫിലിപ്പിന്‍റെ രക്ഷകനായി.
ഈ കുടുംബത്തിന് ആശ്വാസമായത് സിംപിളൊരു സംഗതിയാണ്. വീട്ടിലെ ഇന്‍റർനെറ്റ് കണക്ഷനിലേക്ക് വൈഫൈ വഴി ക്യാമറ കണക്ട് ചെയ്തു. സിസിടിവി ആപ്പ് ഇൻസ്റ്റാൾ ചെയ്ത് വിദേശത്തിരുന്ന് വീട്ടിലെ കാഴ്ചകൾ എടയ്ക്ക് എടുത്ത് നോക്കും, അത്രമാത്രം. വൈഫൈ ക്യാമറകൾ 2500 രൂപ മുതൽ വിപണിയിൽ ലഭ്യമാണ്. സ്ഥലത്തില്ലെന്ന കാര്യം അറിയിച്ച് പൊലീസിനോടും വീടിന് സംരക്ഷണം ആവശ്യപ്പെടാം. കേരള പൊലീസിന്‍റെ മൊബൈൽ ആപ്പായ പോൾ ആപ്പ് വഴിയാണ് സംരക്ഷണം ആവശ്യപ്പെട്ട് അഭ്യർത്ഥന നൽകേണ്ടത്. അതിനോടൊപ്പം സ്മാർട്ടാക്കാനുള്ള ഇ രീതികൾ തെരഞ്ഞെടുക്കുന്നവരും കൂടി വരികയാണ്.