‘പൂർണവിശ്വാസം, എംഎൽഎ വേട്ടയാടപ്പെടുന്നതിൽ സങ്കടമുണ്ട്’; പി വി അന്‍വറിനെ പിന്തുണച്ച് നിലമ്പൂർ ആയിഷ

 ‘പൂർണവിശ്വാസം, എംഎൽഎ വേട്ടയാടപ്പെടുന്നതിൽ സങ്കടമുണ്ട്’; പി വി അന്‍വറിനെ പിന്തുണച്ച് നിലമ്പൂർ ആയിഷ

നിലമ്പൂര്‍: വിവാദങ്ങൾക്കിടെ പിവി അൻവർ എംഎൽഎയ്ക്ക് പിന്തുണയുമായി നാടക കലാകാരി നിലമ്പൂര്‍ ആയിഷ. പി വി അന്‍വറിന്റെ ഒതായിയിലെ വീട്ടിലെത്തി നിലമ്പൂർ ആയിഷ അൻവരുമായി കൂടിക്കാഴ്ച നടത്തി. അൻവറിനെ പൂർണവിശ്വാസമുണ്ടെന്നും വേട്ടയാടപ്പെടുന്നതിൽ വിഷമമുണ്ടെന്നും ആയിഷ പറഞ്ഞു. പ്രശസ്ത നാടക-ചലച്ചിത്ര കലാകാരിയായ നിലമ്പൂര്‍ ആയിഷ സിപിഐഎം സഹയാത്രികയാണ്.

എംഎല്‍എ വേട്ടയാടപ്പെടുന്നതില്‍ സങ്കടം ഉണ്ടെന്നും നേരിട്ട് കാര്യങ്ങള്‍ അറിയാന്‍ വേണ്ടി വന്നതാണെന്നും ആയിഷ വ്യക്തമാക്കി. മാപ്പിള പാട്ട് ഗായകന്‍ ബാപ്പു വെള്ളിപറമ്പും ആയിഷക്കൊപ്പം ഉണ്ടായിരുന്നു.

ഇടതുമുന്നണിയുടെ ഭാഗമായിരുന്ന പി വി അന്‍വര്‍ അഭിപ്രായഭിന്നതകളെ തുടര്‍ന്ന് സിപിഐഎം ബന്ധം ഉപേക്ഷിച്ചതിന് ശേഷം പുതിയ പാര്‍ട്ടി പ്രഖ്യാപിക്കാനൊരുങ്ങുകയാണ്. തന്റെ ഇപ്പോഴത്തെ പോരാട്ടം രാഷ്ട്രീയ പാര്‍ട്ടിയായി മാറും. പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്നും അന്‍വര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. കേരളത്തിലെ മുഴുവന്‍ പഞ്ചായത്തുകളിലും മത്സരിക്കും. യുവാക്കളുടെ പിന്തുണ ലഭിക്കും. പരിപൂര്‍ണ്ണ മതേതര സ്വഭാവവുമുള്ള പാര്‍ട്ടി ആയിരിക്കും രൂപീകരിക്കുകയെന്നും അന്‍വര്‍ വ്യക്തമാക്കി.

രാഷ്ട്രീയ പാര്‍ട്ടി അല്ലാതെ സാമൂഹ്യ സംഘനകള്‍ കൊണ്ട് കാര്യമില്ല. ഒരു ഹിന്ദു പാര്‍ട്ടി വിട്ടാല്‍ അവനെ സംഘി ആക്കും, ഒരു മുസ്ലിം പാര്‍ട്ടി വിട്ടാല്‍ അവനെ സുഡാപ്പിയാക്കുമെന്നും സിപിഐഎമ്മിനെതിരെ അന്‍വര്‍ പറഞ്ഞു. ആരും ഇല്ലെങ്കിലും ഒറ്റയ്ക്ക് ആണേലും കാര്യം പറയും. അടുത്തതായി വന്യമൃഗ ശല്യ വിഷയം ഏറ്റെടുക്കും. വനം വകുപ്പിന് കീഴില്‍ വലിയ ഗൂഡാലോചനയാണ് നടക്കുന്നത്. പലതും തുറന്ന് പറയും. തന്നെ പുറത്താക്കിയത് തന്റെ വിഷയം പറഞ്ഞിട്ടില്ല, ജനങ്ങളുടെ വിഷയം പറഞ്ഞിട്ടാണെന്നും പി വി അന്‍വര്‍ ആരോപിച്ചു.

സിപിഐഎമ്മിനെയും മുഖ്യമന്ത്രിയെയും കടന്നാക്രമിച്ചാണ് കഴിഞ്ഞ ദിവസങ്ങളിലെല്ലാം അന്‍വര്‍ രംഗത്തെത്തിയത്. ഇന്നും മുഖ്യമന്ത്രിക്കെതിരെ അന്‍വര്‍ ആരോപണം ഉന്നയിച്ചു. ദ ഹിന്ദുവിലെ വിവാദ അഭിമുഖം ഗൂഢാലോചനയാണെന്നാണ് അന്‍വര്‍ ആരോപിക്കുന്നത്. മുസ്ലിം ഭൂരിപക്ഷമുള്ള ജില്ല ദേശദ്രോഹികളുടെ നാടാണ് എന്ന് വരുത്തി തീര്‍ക്കാനാണ് മുഖ്യമന്ത്രി ശ്രമിച്ചതെന്ന് അന്‍വര്‍ കുറ്റപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *