‘മലപ്പുറത്തിന്റെ അട്ടിപ്പേർ അവകാശം ആർക്കുമില്ല, ജില്ല രൂപീകരിച്ചത് ഇഎംഎസ് കാലത്ത്’; മലപ്പുറം എല്ലാവരുടെയും ആണെന്ന് എംവി ഗോവിന്ദൻ

 ‘മലപ്പുറത്തിന്റെ അട്ടിപ്പേർ അവകാശം ആർക്കുമില്ല, ജില്ല രൂപീകരിച്ചത് ഇഎംഎസ് കാലത്ത്’; മലപ്പുറം എല്ലാവരുടെയും ആണെന്ന് എംവി ഗോവിന്ദൻ

തിരുവനന്തപുരം: മലപ്പുറം എല്ലാവരുടെയും മലപ്പുറമാണ്, ജില്ലയുടെ അട്ടിപ്പേർ അവകാശം പറഞ്ഞ് ആരും വരേണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ഇഎംഎസ് സർക്കാരിന്‍റെ കാലത്താണ് മലപ്പുറം ജില്ല രൂപീകരിച്ചതെന്നും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്‍റെ പ്രധാന കേന്ദ്രമാണ് മലപ്പുറം ജില്ലയെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. പി വി അൻവര്‍ ഉൾപ്പെടെ സ്വതന്ത്രര്‍മാരെ മലപ്പുറം ജില്ലയിലെ വിവിധ മണ്ഡലങ്ങളില്‍ സ്ഥാനാര്‍ത്ഥി ആക്കുകയും അവര്‍ തോല്‍ക്കുകയും ജയിക്കുകയുമൊക്കെ ചെയ്തിട്ടുണ്ട്.

ഈ പ്രക്രിയയിലൂടെയാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് വേണ്ടത്ര സ്വാധീനം ഇല്ലാതിരുന്ന മലപ്പുറം ജില്ലയില്‍ വളരെ ശക്തമാകാൻ സിപിഎമ്മിന് സാധിച്ചത്. അൻവര്‍ ഉണ്ടായിരുന്നത് കൊണ്ടുള്ള എല്ലാ ആനുകൂല്യങ്ങളും ഇതോടെ അവസാനിച്ചുവെന്ന് പാര്‍ട്ടി കാണുന്നില്ല. മലപ്പുറം ജില്ല എല്ലാവരുടെയുമാണ്. ഇംഎസ്എസ് സര്‍ക്കാരിന്‍റെ കാലത്ത് മലപ്പുറം ജില്ലയുണ്ടാക്കുന്നതിനിതിരെ കോണ്‍ഗ്രസും ജനസംഘവും ചേര്‍ന്ന് ഒന്നിച്ചാണ് സമരം നടത്തിയത്.

കേരളത്തിലൊരു കുട്ടി പാകിസ്ഥാൻ വരാൻ പോകുന്നുവെന്നാണ് അന്ന് ആര്‍എസ്എസുകാര്‍ പറഞ്ഞത്. മലപ്പുറം ജില്ല രൂപീകരണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചത് സിപിഎമ്മും അന്നത്തെ മുഖ്യമന്ത്രി ഇഎംഎസുമാണ്. പി ശശിക്കെതിരായ അൻവറിന്റെ പരാതിയിൽ കാതലായ പ്രശ്നം ഒന്നുമില്ലെന്നും പി ശശിയെ ബോധപൂർവ്വം അപമാനിക്കാനുള്ള പ്രയോഗം മാത്രമാണെന്നും എംവി ​ഗോവിന്ദൻ പറഞ്ഞു. റിയാസ് ഡിവൈഎഫ്ഐയിൽ പ്രവർത്തിക്കുമ്പോഴാണ് എംഎൽഎ ആയതും പിന്നീട് മന്ത്രിയായതും.

സിപിഎമ്മിൽ ഉൾപാർട്ടി ജനാധിപത്യം ഇല്ല എന്നത് പച്ചക്കള്ളമാണ്. ജമാഅത്തെ ഇസ്ലാമി നേതാവ് ആരിഫ് അലി ആർഎസ്എസ് നേതാക്കളുമായി ചർച്ച നടത്തി. എന്തിനായിരുന്നു ആ ചർച്ച എന്ന് ഇതുവരെ വ്യക്തമാക്കിയിട്ടില്ല. യുഡിഎഫ് കേരളത്തിൽ വർഗീയ ധ്രുവീകരണത്തിന് ശ്രമിക്കുകയാണെന്നും എംവി ​ഗോവിന്ദൻ കൂട്ടിച്ചേർത്തു. പി ശശിക്കെതിരായ പരാതിയിൽ പാർട്ടിക്ക് പരിശോധിക്കാൻ ഒന്നുമില്ല. വസ്തുതയില്ലാത്ത കാര്യങ്ങളാണ് പരാതിയിലുള്ളതെന്നും എംവി ​ഗോവിന്ദൻ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *