മണ്ണ് ഏതായാലും വളർച്ചയിൽ ഒരുപോലെ; വന്മരമാകാൻ കുറഞ്ഞ സമയം; കർഷകർക്ക് പ്രിയപ്പെട്ട പണം തരും മരമായി കാട്ടുവേപ്പ്
കിളിമാനൂർ: വൃക്ഷങ്ങളിൽ പണം തരും മരങ്ങളായി നിരവധി ഇനങ്ങളുണ്ട്. മലയോര മേഖലകളിൽ തേക്ക്, മഹാഗണി ഒക്കെയാണ് ഇതിൽ മുമ്പന്മാർ. എന്നാൽ ഇവ കൂടാതെ ഇപ്പോൾ പണം തരുന്ന മരമായി മലവേപ്പ് കൃഷിയും കർഷകർ ചെയ്യുന്നു. തൈ നട്ട് പെട്ടെന്ന്തന്നെ വളരുകയും മുറിച്ച് വിൽക്കാനുള്ള തരത്തിൽ പാകമാവുകയും ചെയ്യുമെന്നതാണ് ഇതിന്റെ പ്രധാന ഗുണം.
മലവേപ്പ്, കാട്ടുവേപ്പ്, കാട്ടുകടുക്ക എന്നൊക്കെ ഈ മരം അറിയപ്പെടുന്നു. മിലിയ ഡുബിയ എന്നതാണ് ഇതിന്റെ ശാസ്ത്രനാമം. വളരെ കുറച്ചു സമയം കൊണ്ട് വളരുകയും മികച്ച വരുമാനം നൽകുകയും ചെയ്യും എന്നതാണ് ഇത് കർഷകർക്ക് പ്രിയങ്കരമാക്കുന്നത്.
തടിയുടെ ഉപയോഗം വർദ്ധിക്കുകയും ലഭ്യത കുറഞ്ഞുകൊണ്ടിരിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ മലവേപ്പ് കൃഷി ലാഭകരമാണെന്നാണ് കൃഷി വിദഗ്ദധർ പറയുന്നത്. തേക്ക്, മഹാഗണി പോലുള്ള മരങ്ങൾ വളർന്ന് പാകമെത്താൻ വർഷങ്ങളെടുക്കുമ്പോൾ നാലോ അഞ്ചോ വർഷം കൊണ്ട് മുറിച്ചെടുക്കാവുന്ന വലുപ്പത്തിലെത്തുമെന്നതാണ് മലവേപ്പിന്റെ ആകർഷണീയത. മാത്രമല്ല തടികൾക്ക് ഭീഷണിയാകുന്ന ചിതൽ പോലുള്ള ഉപദ്രവങ്ങൾ ഈ മരത്തിനെ ബാധിക്കില്ല.
ഏതു തരം മണ്ണിലും വളരുമെന്നതാണ് ഇതിന്റെ പ്രത്യേകത. ജില്ലകളിൽ ധാരാളം കർഷകർ പ്ലാന്റേഷൻ രൂപത്തിൽ മലവേപ്പിന്റെ കൃഷി വ്യാപകമായിക്കൊണ്ടിരിക്കുകയാണ്. തോട്ടമായി നടുമ്പോൾ റബർ നടുന്നതു പോലെ തന്നെ പ്ലാറ്റ് ഫോം ഒരുക്കി നടുന്നതാണ് നല്ലതെന്ന് കൃഷിക്കാർ പറയുന്നു. വളപ്രയോഗം കൂടിയുണ്ടെങ്കിൽ വളർച്ച വളരെ പെട്ടന്നാകും. ഏഴു വർഷം കൊണ്ട് 40 അടിയിലേറെ ഉയരവും നാല് അടിയിലധികം വണ്ണവും വയ്ക്കും. നട്ടു കഴിഞ്ഞ് 6 വർഷം കൊണ്ട് വിളവെടുത്തു തുടങ്ങാം 10 വർഷംകൊണ്ട് നല്ല വരുമാനം നേടിത്തരാൻ ഈ വൃക്ഷത്തിന് കഴിയും. രണ്ടു വർഷം കൊണ്ട് 20 അടിവരെ ഉയരം വയ്ക്കും 6 അടി അകലത്തിൽ നടുകയാണെങ്കിൽ ശിഖരങ്ങൾ ഒന്നും ഇല്ലാതെ നല്ല തടി ലഭിക്കും. വിത്തുകൾ പാകിയാണ് തൈകൾ മുളപ്പിക്കുന്നത്.