മനു തോമസിന് ഫേസ്ബുക്കിലൂടെ ഭീഷണി; രഹസ്യാന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സംരക്ഷണം ഏർപ്പെടുത്തി പോലീസ്

 മനു തോമസിന് ഫേസ്ബുക്കിലൂടെ ഭീഷണി; രഹസ്യാന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സംരക്ഷണം ഏർപ്പെടുത്തി പോലീസ്

തിരുവനന്തപുരം: പി ജയരാജനും മകനുമെതിരായ ആരോപണത്തിൽ സിപിഎം മുന്‍ ജില്ലാ കമ്മിറ്റി അംഗം മനു തോമസിന് പോലീസ് സംരക്ഷണം ഏർപ്പെടുത്തി. മനുവിന്റെ വീടിനും വ്യാപാരസ്ഥാപനങ്ങൾക്കും സംരക്ഷണം നൽകാൻ നിർദേശം നൽകി. പോലീസ് സംരക്ഷണം സംബന്ധിച്ച് ജില്ലാ പോലീസ് മേധാവി ആലക്കോട് പോലീസിനാണ് നിർദേശം നൽകിയത്. രഹസ്യാന്വേഷണ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് പോലീസ് നീക്കം. മനു തോമസിന് ഫേസ്ബുക്ക് വഴി ഭീഷണി സന്ദേശങ്ങൾ എത്തിയിരുന്നു.

പി ജയരാജന്‍റെ ഫേസ്ബുക്ക് പോസ്റ്റ് ക്വട്ടേഷന്‍ സംഘങ്ങള്‍ക്ക് വേണ്ടിയാണെന്ന് മനുതോമസ് പറഞ്ഞിരുന്നു. പി ജയരാജന്‍റെ മകന്‍ സ്വര്‍ണം പൊട്ടിക്കലിന്‍റെ കോര്‍ഡിനേറ്ററാണ്. ഇയാളാണ് റെഡ് ആര്‍മിക്ക് പിന്നിലെന്നും മനു തോമസ് ആരോപിക്കുന്നു. ക്വട്ടേഷന്‍ സംഘങ്ങളുടെ വധഭീഷണിയുണ്ടെന്നും മനു തോമസ് പ്രതികരിച്ചു. പി ജയരാജനുമായി വ്യക്തിപരമായി പ്രശ്നങ്ങളില്ല. എന്നാല്‍, താനുമായി ഒരു സംവാദത്തിന് ജയരാജന്‍ ഇതുവരെ തയ്യാറായിട്ടില്ല. താന്‍ ഉന്നയിച്ച ചില കാര്യങ്ങളില്‍ പി ജയരാജന് അസഹിഷ്ണുത ഉണ്ടെന്നും ആരെയും പേടിച്ച് പറയേണ്ടത് പറയാതിരിക്കില്ലെന്നും മനു തോമസ് പറഞ്ഞു.

ചിലരുടെ സംരക്ഷണം കിട്ടിയതിനാലാണ് ക്വട്ടേഷന്‍ സംഘങ്ങള്‍ വളര്‍ന്നത്. ഇന്ന് ക്വട്ടേഷൻ സംഘങ്ങള്‍ പാര്‍ട്ടിക്ക് തന്നെ തലവേദനയായി. പാര്‍ട്ടി ഇത് തിരിച്ചറിഞ്ഞ് പരിശോധിക്കാന്‍ തീരുമാനിച്ചിട്ടുണ്ടെന്നും മനു പറഞ്ഞു. എന്നാല്‍ പാര്‍ട്ടി നടപടി ഫലപ്രാപ്തിയില്‍ എത്തിയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സ്വന്തം ഫാന്‍സിന് വേണ്ടിയാണ് പി ജയരാജന്‍ ഫേസ്ബുക്ക് പോസ്റ്റിട്ടത്. പി ജയരാജന്‍റെ പ്രതികരണം പാര്‍ട്ടി തീരുമാനമല്ലെന്നും മനു തോമസ് പറഞ്ഞിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *