കൊടൈക്കനാലിൽ നഷ്ടമായ ഫോൺ ചങ്ങനാശേരിയിൽ! ചാർജ് തീരുംമുമ്പേ പോലീസെത്തി; അരമണിക്കൂറിനുള്ളിൽ കണ്ടെത്തി നൽകി തിരുവല്ല പോലീസ്

 കൊടൈക്കനാലിൽ നഷ്ടമായ ഫോൺ ചങ്ങനാശേരിയിൽ! ചാർജ് തീരുംമുമ്പേ പോലീസെത്തി; അരമണിക്കൂറിനുള്ളിൽ കണ്ടെത്തി നൽകി തിരുവല്ല പോലീസ്

തിരുവല്ല: വിനോദയാത്രയ്ക്കിടെ കൊടൈക്കനാലിൽ വച്ച് നഷ്‌ടമായ മൊബൈൽ അരമണിക്കൂറിനുള്ളിൽ കണ്ടെത്തി നൽകി പോലീസ്. തിരുവനന്തപുരം സ്വദേശി വിമലിന്റെ നഷ്ടപ്പെട്ട ഫോണാണ് തിരുവല്ലയിലെ പൊലീസ് ഉദ്യോഗസ്ഥർ അരമണിക്കൂറിന് ഉള്ളിൽ കണ്ടെത്തി നൽകിയത്. വിമലിന്റെ മൊബൈൽ ഫോൺ ഇന്നലെ രാത്രിയിലാണ് കൊടൈക്കനാലിൽ വച്ച് നഷ്ടപ്പെട്ടത്.

ഫോണിനായി അന്വേഷണം തുടങ്ങിയ യുവാവ് ഫൈൻഡ് മൈ ഡിവൈസ് സംവിധാനം (find my device) ഉപയോഗിച്ച് ഫോൺ ചങ്ങനാശ്ശേരി ഭാഗത്തുണ്ടെന്ന് മനസിലാക്കി. ഇതിന് പിന്നാലെയാണ് ചങ്ങനാശ്ശേരിയിൽ നിന്ന് ഫോൺ കണ്ടെത്താൻ പൊലീസ് സഹായം തേടിയത്. വിനോദയാത്രയ്ക്ക് പിന്നാലെ തിരുവനന്തപുരത്തേക്ക് മടങ്ങുമ്പോഴാണ് ഫോണിന്റെ ലൊക്കേഷൻ യുവാവിന് ലഭിക്കുന്നത്. തൊട്ടടുത്ത പൊലീസ് സ്റ്റേഷൻ എന്ന നിലയിലായിരുന്നു യുവാവ് തിരുവല്ല പൊലീസ് സ്റ്റേഷനിലെത്തിയത്.

പുലർച്ചെയാണ് ഫോൺ കണ്ടെത്താൻ തിരുവല്ല പൊലീസിന്റെ സഹായം തേടി യുവാവ് എത്തിയത്. ഫോണിൽ ചാർജ് നന്നേ കുറവാണെന്ന് മനസിലാക്കിയ തിരുവല്ല പൊലീസ് സ്വന്തം സ്റ്റേഷൻ പരിധി അല്ലെങ്കിലും ചങ്ങനാശ്ശേരിക്ക് കുതിച്ചു. ലൊക്കേഷനിൽ നിന്ന് ഫോൺ കണ്ടെത്തുകയും ചെയ്യുകയായിരുന്നു. ചങ്ങനാശ്ശേരിയിൽ താമസിക്കുന്ന തമിഴ്നാട് സ്വദേശിയുടെ കയ്യിൽ നിന്നാണ് ഫോൺ കണ്ടെത്തിയത്. കൊടൈക്കനാലിൽ ഇതേ ദിവസം ടൂർ പോയിരുന്ന ഈ യുവാവ് അവിടെവച്ച് കളഞ്ഞു കിട്ടിയ ഫോൺ ചങ്ങനാശ്ശേരിക്ക് കൊണ്ടുവരികയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *