പുന്നപ്രയിലെ ജുമാമസ്ജിദിൽ മോഷണം; പ്രതി സേലത്ത് പിടിയിൽ
അമ്പലപ്പുഴ: ജുമാമസ്ജിദിൽ മോഷണം നടത്തിയ പ്രതി തമിഴ്‌നാട്ടിലെ സേലത്തുവച്ച് പോലീസിന്റെ പിടിയിൽ. പുന്നപ്ര സലഫി ജുമാമസ്ജിദിൽ ആണ് മോഷണം നടന്നത്. തിരുവനന്തപുരം തോന്നയ്ക്കൽ മഞ്ഞുമല ഷാജിതാ മൻസിൽ മുഹമ്മദ് അബ്ദുൽ ഹാദി (25)യെയാണ് ഇൻസ്പെക്ടർ ടി എൽ സ്റ്റെപ്റ്റോ ജോണിന്റെ നേതൃത്വത്തിൽ അറസ്റ്റുചെയ്തത്. ഈമാസം ആദ്യമായിരുന്നു സംഭവം. പുന്നപ്ര കളിത്തട്ടിനു പടിഞ്ഞാറുള്ള ജമാഅത്തിൽ കാണിക്കവഞ്ചിയിലെ 7000 രൂപ കവർച്ച ചെയ്തുവെന്നാണ് കേസ്. ബുധനാഴ്ചയാണ് പ്രതിയെ പിടികൂടിയത്.
ആലപ്പുഴ സൗത്ത്, പട്ടണക്കാട്, തമിഴ്‌നാട്ടിലെ സേലം പൊലീസ് സ്റ്റേഷനുകളിലായി ഏഴിലധികം മോഷണക്കേസുകളിൽ പ്രതിയാണിയാൾ. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. എസ്ഐ വി ഡി റെജിരാജ്, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ എം ആർ രതീഷ്, എം വൈ മാഹിൻ, അബുബക്കർ സിദ്ദിഖ്, അമർജ്യോതി എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റുചെയ്തത്.