‘അമ്പതും നൂറും കോടിയൊന്നും കിട്ടുന്നില്ല, കിട്ടിയെന്ന് കാട്ടി പോസ്റ്റർ ഇറക്കുകയാണ്;’ എല്ലാം ബിസിനസിന്റെ ഭാഗമാണെന്ന് നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ
മലയാള സിനിമയിൽ അമ്പത്, നൂറ് കോടി കളക്ഷൻ നേടിയെന്ന് പറഞ്ഞ് പോസ്റ്റർ ഇറക്കുന്ന പല ചിത്രങ്ങളും അത്രയും എത്തുന്നില്ലെന്ന് നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ. ചില സിനിമകൾ മാത്രമാണ് കൃത്യമായി ബോക്സ് ഓഫീസ് കളക്ഷനെ കുറിച്ച് പ്രഖ്യാപനം നടത്തുന്നതെന്ന് ലിസ്റ്റിൻ സ്റ്റീഫൻ പറഞ്ഞു. ബാക്കിയുള്ളവർ 50 കോടി നേടിയെന്ന് പറഞ്ഞ് പോസ്റ്റർ പുറത്തിറക്കുകയാണെന്ന് ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തതിൽ ലിസ്റ്റിൻ സ്റ്റീഫൻ വ്യർത്ഥമാക്കി.
ബോക്സ് ഓഫീസ് കളക്ഷന്റെ കാര്യം മാത്രമല്ല സിനിമയുടെ 50 ദിവസം 25 ദിവസം ആഘോഷിക്കുന്ന കാര്യത്തിലും ഇതുതന്നെയാണ് സംഭവിക്കുന്നതെന്ന് ലിസ്റ്റിൻ പറഞ്ഞു. ’20 ദിവസം കഴിയുമ്പോഴേക്ക് 25 ദിവസമായി എന്നു പറഞ്ഞ് പോസ്റ്റർ ഇറക്കുന്നവരുണ്ട്. സിനിമ അത്രയും ദിവസം ഓടുമെന്ന വിശ്വാസം കൊണ്ടായിരിക്കാം അങ്ങനെ ചെയ്യുന്നത്. എന്റെ അഭിപ്രായത്തിൽ ചില സിനിമകൾ മാത്രമേ കൃത്യമായി 50ഉം 100ഉം കോടി നേടിയിട്ടുള്ളൂ. അങ്ങനെയൊക്കെ ചെയ്യുന്നത് ബിസിനസിന്റെ ഭാഗമാണ്,’ ലിസ്റ്റിൻ പറഞ്ഞു.
നിവിൻ പോളി നായകനായ ‘മലയാളി ഫ്രം ഇന്ത്യ’ എന്ന ചിത്രമാണ് ലിസ്റ്റിൻ സ്റ്റീഫന്റെ നിർമ്മാണ കമ്പനിയായ മാജിക് ഫ്രെയിംസ് ഏറ്റവും ഒടുവിലായി നിർമ്മിച്ചത്. വലിയ ഹൈപ്പോടെ എത്തിയ ചിത്രത്തിന് ബോക്സ് ഓഫീസിൽ മികച്ച പ്രകടനം കാഴ്ച്ചവെയ്ക്കാനായില്ല. എന്നാൽ സിനിമയുടെ രാഷ്ട്രീയം ചർച്ചയായിരുന്നു.