കുഴിച്ചിട്ടത് ജീരകമിഠായി, പുറത്തെടുത്തത് മദ്യം; കുടുംബശ്രീയുടെ നിധി തേടൽ മത്സരം വിവാദത്തിൽ
കാസർഗോഡ്: കുടുംബശ്രീ സംഘടിപ്പിച്ച മഴപ്പൊലിമ വിവാദത്തിലേക്ക്. പരിപാടിയിലെ നിധി കണ്ടെത്തൽ മത്സരത്തിൽ മദ്യം ഉപയോഗിച്ചതാണ് വിവാദമായത്. വെസ്റ്റ് എളേരി പഞ്ചായത്തും കുടുംബശ്രീയും പുങ്ങംചാലിൽ സംഘടിപ്പിച്ച പരിപാടി ആണ് വിവാദത്തിൽ കലാശിച്ചത്.
മത്സരത്തിൽ അരലിറ്റർ മദ്യം അടങ്ങിയ കുപ്പി പ്ലാസ്റ്റിക് കവറിലാക്കി വയലിൽ കുഴിച്ചിടുകയായിരുന്നു. നിധി തേടൽ മത്സരത്തിൽ പങ്കെടുത്തവർ മദ്യ കുപ്പി കണ്ടെത്തുകയും ചെയ്തിരുന്നു.
സർക്കാർ പരിപാടിക്ക് മദ്യം ഉപയോഗിച്ചതാണ് പ്രശ്നമായത്. അതേസമയം കുടുംബശ്രീയാണ് പരിപാടി സംഘടിപ്പിച്ചതെന്നും മദ്യം ഉപയോഗിച്ചില്ലെന്നും പഞ്ചായത്ത് വൈസ് പ്രസിഡൻറ് പിസി ഇസ്മായിലും പഞ്ചായത്തംഗം കെകെ തങ്കച്ചൻഴ പറഞ്ഞു. തങ്ങൾ ജീരകമിഠായിയാണ് നിധിയായി വെച്ചതെന്നും മറ്റ് ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും കുടുംബശ്രീ സി.ഡി.എസ്. ചെയർപേഴ്സൺ സൗദാമിനിയും പറഞ്ഞു.