‘ആ വില്ലത്തരം ചെറുപ്പംമുതൽ കാണുന്നതാണ്’; റോളക്സിനെ കണ്ടപ്പോൾ ഞെട്ടിയില്ലെന്ന് കാർത്തി

 ‘ആ വില്ലത്തരം ചെറുപ്പംമുതൽ കാണുന്നതാണ്’; റോളക്സിനെ കണ്ടപ്പോൾ ഞെട്ടിയില്ലെന്ന് കാർത്തി

സൂര്യയും കാർത്തിയും സിനിമാപ്രേമികളുടെ ഇഷ്ട താരസഹോദരന്മാരാണ്. പക്ഷെ ഇവർതമ്മിൽ അഭിനയത്തിൽ ഒരുമിക്കുന്നത് കാണാൻ ആരാധകർക്ക് ഭാഗ്യം ലഭിച്ചിട്ടില്ല. സൂര്യ ഏതാനും നിമിഷങ്ങൾ മാത്രം സ്‌ക്രീനിലെത്തി ഞെട്ടിച്ച കഥാപാത്രമാണ് വിക്രത്തിലെ റോളക്സ്. എന്നാൽ, ഇപ്പോഴിതാ ഒരു അഭിമുഖത്തിനിടെ സൂര്യയുടെ റോളക്സ് എന്ന കഥാപാത്രത്തേക്കുറിച്ച് കാർത്തി പറഞ്ഞ രസകരമായ ഒരു കാര്യമാണ് ഇരുവരുടേയും ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.

2 ഡി എന്റർടെയ്ൻമെന്റിന്റെ ബാനറിൽ സൂര്യയും ജ്യോതികയും ചേർന്ന് നിർമിക്കുന്ന മെയ്യഴകൻ എന്ന ചിത്രത്തിന്റെ പ്രചാരണത്തിന്റെ ഭാ​ഗമായി നൽകിയ അഭിമുഖത്തിലാണ് റോളക്സിനെക്കുറിച്ച് കാർത്തി സംസാരിച്ചത്. സൂര്യയെ റോളക്സ് ആയി കണ്ടപ്പോൾ ആദ്യം എന്താണ് മനസിൽ തോന്നിയതെന്നായിരുന്നു അവതാരകന്റെ ചോദ്യം. അദ്ദേഹത്തിന്റെ വില്ലത്തരം കണ്ട് അദ്ഭുതമൊന്നും തോന്നിയില്ലെന്നും കുട്ടിക്കാലംമുതലേ താൻ ഇത് കാണുന്നതാണെന്നുമാണ് കാർത്തി മറുപടി പറഞ്ഞത്.

“ഇങ്ങനെയൊരു വേഷം ചെയ്തിരുന്നുവെന്ന് എന്നോട് പറഞ്ഞിരുന്നു. പക്ഷേ ലീക്ക് ആയ സീനോ ഫൂട്ടേജോ ഒന്നും ഞാൻ കണ്ടിരുന്നില്ല. സ്ക്രീനിൽ കണ്ടപ്പോൾ അദ്ഭുതപ്പെട്ടു പോയി. എൻട്രി മുതൽ സ്പീക്കർ തൂക്കി നടന്നുവരുന്ന ഷോട്ടുകളൊക്കെ ഭയങ്കരമായിരുന്നു. നിങ്ങൾ അദ്ദേഹത്തിന്റെ ആ സൈഡ് ഇതുവരെ കണ്ടിട്ടില്ല. എന്നാൽ ഞാൻ ചെറുപ്പം മുതൽ കണ്ടിട്ടുണ്ട്. അദ്ദേഹം എത്ര വലിയ വില്ലനാണെന്ന് എനിക്ക് നന്നായി അറിയാം. അതുകൊണ്ട് റോളക്സിനെ കണ്ടപ്പോള്‍ വലിയ സർപ്രൈസ് ഒന്നും തോന്നിയിരുന്നില്ല.” കാർത്തിയുടെ വാക്കുകൾ.

96 എന്ന ചിത്രത്തിനുശേഷം സി. പ്രേംകുമാർ സംവിധാനം ചെയ്യുന്ന ചിത്രമാണ് മെയ്യഴകൻ. കാർത്തിക്കൊപ്പം അരവിന്ദ് സ്വാമിയും ചിത്രത്തിൽ മുഖ്യവേഷത്തിലുണ്ട്. ​ശ്രീദിവ്യയാണ് നായിക. രാജ് കിരൺ, ജയ പ്രകാശ്, ശരൻ എന്നിവർ മറ്റുകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഗോവിന്ത് വസന്തയാണ് സം​ഗീതസംവിധാനം. സെപ്റ്റംബർ 27-നാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്. ശിവ സംവിധാനംചെയ്യുന്ന കങ്കുവയാണ് സൂര്യയുടേതായി ഉടൻ തിയേറ്ററുകളിലെത്തുന്ന ചിത്രം.

Leave a Reply

Your email address will not be published. Required fields are marked *