അവശ്യസാധനങ്ങള്‍ പോലുമില്ലാതെ ലക്ഷദ്വീപില്‍ കടുത്ത ക്ഷാമം; കവരത്തിയില്‍പോലും കടകള്‍ കാലി

 അവശ്യസാധനങ്ങള്‍ പോലുമില്ലാതെ ലക്ഷദ്വീപില്‍ കടുത്ത ക്ഷാമം; കവരത്തിയില്‍പോലും കടകള്‍ കാലി

ലക്ഷദ്വീപിൽ പച്ചക്കറിയുള്‍പ്പെടെയുള്ള അവശ്യസാധനങ്ങള്‍ ഇല്ലാതെ കനത്ത ക്ഷാമം നേരിടുന്നു. കഴിഞ്ഞ മാസത്തോളമായി നേരിടുന്ന പ്രതിസന്ധിയാണിത്. ആവശ്യത്തിന് കപ്പലുകളില്ലാതായതാണ് കൊച്ചിയില്‍നിന്നും കോഴിക്കോട് നിന്നും ഭക്ഷ്യവസ്തുക്കള്‍ ദ്വീപുകളില്‍ എത്താതായത്. ലക്ഷദ്വീപ് ഭരണകൂടത്തിന്റെ ആസ്ഥാനമായ കവരത്തിയില്‍പോലും കടകള്‍ കാലിയായി. പരിഹരിച്ച് തുടങ്ങിയെന്ന് അധികൃതര്‍ പറയുമ്പോഴും ദ്വീപുകര്‍ക്ക് അവശ്യസാധനങ്ങള്‍ പലതും കിട്ടുന്നില്ല.

ലക്ഷദ്വീപിലേക്ക് അഞ്ച് കപ്പലുകളാണ് സര്‍വീസ് നടത്തിയിരുന്നത്. ഇത് രണ്ടെണ്ണമായി ചുരുങ്ങിയതോടെ യാത്രക്കാര്‍ക്ക് മുന്‍ഗണന നല്‍കേണ്ട സ്ഥിതിയായി. ഏതാണ്ട് ആയിരത്തോളം വിദ്യാര്‍ഥികളാണ് ലക്ഷദ്വീപില്‍ നിന്നു കേരളത്തിലെത്തി പഠനം നടത്തുന്നത്. ഓണം-നബിദിന അവധിക്കാലത്ത് ഇവര്‍ക്ക് നാട്ടിലേക്ക് തിരിച്ചെത്താന്‍ കപ്പല്‍ ടിക്കറ്റുകള്‍ കിട്ടാത്ത അവസ്ഥയുണ്ടായി. കച്ചവടക്കാര്‍ക്ക് സാധനങ്ങള്‍ കപ്പലില്‍ കയറ്റുന്നതിനും നിയന്ത്രണം വന്നു. ഒരു കെട്ടില്‍ 25 കിലോയാണ് അനുവദനീയം. അത്തരത്തിലുള്ള നാല്-ആറ്് കെട്ടുകള്‍ മാത്രമാണ് അനുവദിച്ചത്. ഇതോടെയാണ് അവശ്യ സാധനങ്ങള്‍ക്ക് ക്ഷാമം തുടങ്ങിയത്.

മണ്‍സൂണ്‍ കാലമായതിനാല്‍ മഞ്ചു സര്‍വീസ് (സെയിലിങ് വെസലുകള്‍) ഇല്ലാതായി. ബേപ്പൂരില്‍ നിന്നുള്ള ബാര്‍ജുകളില്‍ ബംഗാരം-തിണ്ണകര ദ്വീപുകളിലേക്കുള്ള ടെന്‍ഡ് റിസോര്‍ട്ടിനുള്ള നിര്‍മാണ സാധനങ്ങള്‍ കയറ്റാന്‍ തുടങ്ങിയതും പ്രശ്നമായി. പച്ചക്കറിക്ക് പുറമേ ആട്ട, മൈദ, വെളിച്ചെണ്ണ, സവാള, ചെറിയ ഉള്ളി, സ്നാക്സ് ഇനങ്ങള്‍ എന്നിവയും ദ്വീപില്‍ കിട്ടാനില്ല. ഏതാണ്ട് എല്ലാ ദ്വീപിലും കടകള്‍ കാലിയായ നിലയിലാണ്.

പരിഹരിച്ച് തുടങ്ങിയെന്ന് അധികൃതര്‍

ഒരു മാസത്തോളമായി ലക്ഷദ്വീപുകാര്‍ നേരിട്ട ക്ഷാമം പരിഹരിച്ച് തുടങ്ങിയെന്ന് ലക്ഷദ്വീപ് ഭരണകൂടത്തിലെ അധികൃതര്‍ വ്യക്തമാക്കി. രണ്ടു ദിവസം മുന്‍പ് മഞ്ചു സര്‍വീസ് തുടങ്ങിയിട്ടുണ്ട്. അവശ്യസാധനങ്ങള്‍ ദ്വീപില്‍ എത്തിച്ചുതുടങ്ങി. അവധിക്കാലത്തിന്റെ തിരക്കൊഴിഞ്ഞതോടെ കപ്പലുകളിലും സാധനങ്ങള്‍ കയറ്റിത്തുടങ്ങി. രണ്ടു ദിവസത്തിനകം എല്ലാ സാധനങ്ങളും ദ്വീപില്‍ കിട്ടിത്തുടങ്ങും.

Leave a Reply

Your email address will not be published. Required fields are marked *