വീട്ടിൽ നിന്നും പാൽ വാങ്ങുന്നവരാണോ? ശ്രദ്ധിച്ചില്ലെങ്കിൽ മുട്ടൻ പണിയാകും; പക്ഷിപ്പനി പരത്തുന്ന രോഗാണു ശരീരത്തിൽ എത്തിയേക്കാം
കടകളിൽ നിന്നുമുള്ള പാക്കറ്റ് പാലിനെക്കാൾ മിക്കവരും വീടുകളിൽ നിന്നുള്ള പാൽ വാങ്ങാൻ താല്പര്യം കാണിക്കാറുണ്ട്. കാരണം, പ്രകൃതിയിൽ നിന്ന് ലഭിക്കുന്ന ശുദ്ധമായ സാധനങ്ങൾ കഴിക്കുന്നത് നമ്മുടെ ആരോഗ്യത്തിന് നല്ലതാണെന്നാണ് വിദഗ്ദ്ധർ പോലും പറയാറുണ്ട് എന്നതാണ്. ഇത്തരത്തിൽ പഴമയിലേക്ക് തിരിച്ചുപോയി പ്രകൃതിയുമായി ഇണങ്ങി ജീവിക്കുന്ന തരത്തിലുള്ള പല വീഡിയോകളും സമൂഹമാദ്ധ്യമങ്ങളിൽ ശ്രദ്ധ നേടാറുണ്ട്. നിരവധിപേരാണ് ഇത് അനുകരിക്കാൻ ശ്രമിക്കുന്നത്. ഇങ്ങനെയുള്ളവർ ഇനി സൂക്ഷിക്കണമെന്ന് യുഎസിൽ അടുത്തിടെ നടത്തിയ ഒരു പഠനത്തിൽ കണ്ടെത്തി.
സമൂഹമാദ്ധ്യമങ്ങളിൽ അടുത്തിടെ നിറഞ്ഞുനിന്ന വീഡിയോയാണ് പാൽ തിളപ്പിക്കാതെ കുടിക്കണം എന്നത്. നിരവധിപേരാണ് ഇത് അനുകരിച്ചത്. എന്നാൽ, പക്ഷിപ്പനി പടർന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ഇങ്ങനെ കുടിക്കുന്നതിലൂടെ മനുഷ്യ ശരീരത്തിലേക്കും ഈ അണുക്കൾ എത്തിച്ചേരുമെന്നാണ് പഠനത്തിൽ കണ്ടെത്തിയിട്ടുള്ളത്. പക്ഷിപ്പനി പകർച്ചവ്യാധിയായതിനാൽ, അത് കന്നുകാലികളെയും ബാധിക്കാറുണ്ട്.
അതിനാൽ, പാൽ കുടിക്കുന്നതിന് മുമ്പ് നന്നായി തിളപ്പിക്കുക. അല്ലെങ്കിൽ ഇ.കോളി, സാൽമൊണല്ല, ലിസ്റ്റീരിയ തുടങ്ങിയ ഹാനികരമായ ബാക്ടീരിയകൾ നമ്മുടെ ശരീരത്തിലെത്തും. ഇതിലൂടെ ഭക്ഷ്യവിഷബാധയും അണുബാധയും ഉണ്ടായേക്കാം. പാസ്ചറൈസ് ചെയ്യാത്ത പാൽ കുടിക്കുന്നത് കുട്ടികൾക്കും ഗർഭിണികൾക്കും വളരെയധികം ദോഷം ചെയ്യുമെന്നും ആരോഗ്യ വിദഗ്ദ്ധർ പറയുന്നു.
പാൽ തിളപ്പിച്ച് കുടിക്കുന്നത് ആരോഗ്യത്തിന് നല്ലതാണ്. ഭക്ഷ്യജന്യ രോഗങ്ങൾ വരാതിരിക്കാൻ ഇത് കാരണമാകുന്നു. കൂടാതെ, പാൽ തിളപ്പിക്കുന്നതിലൂടെ അതിലുള്ള എൻസൈമുകളെ നിർജ്ജീവമാക്കുകയും ഏറെനേരെ കേടുകൂടാതിരിക്കാൻ സഹായിക്കുകയും ചെയ്യുന്നു. എന്നാൽ, ബദാം, സോയ, ഓട്‌സ്, തേങ്ങ എന്നിവയിൽ നിന്നെടുക്കുന്ന പാൽ കുടിക്കുന്നതുകൊണ്ട് ദോഷമില്ല. സസ്യങ്ങളിൽ നിന്നെടുക്കുന്നതിനാൽ ഇതിൽ രോഗാണുക്കൾ ഉണ്ടാകുമെന്ന ഭയവും വേണ്ട.