വയനാട് ദുരന്തം; ധനസഹായം നൽകാത്ത കേന്ദ്രത്തിനെതിരെ സമരവുമായി സിപിഎം
തിരുവനന്തപുരം: വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ കേരളത്തിന് വേണ്ട ധന സഹായം നൽകാത്ത കേന്ദ്ര സർക്കാരിനെതിരെ സമരവുമായി സിപിഎം. കേന്ദ്ര സർക്കാർ കേരളത്തിനോട് കാണിക്കുന്ന അവഗണനയ്ക്കെതിരെ ഒക്ടോബർ 15 മുതൽ നവംബർ 15 വരെ പ്രചാരണ പരിപാടികൾ സംഘടിപ്പിക്കുമെന്ന് സംസ്ഥാന സമിതി യോഗത്തിന് ശേഷം സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ പറഞ്ഞു. കേന്ദ്രത്തിന് കേരളത്തോട് വിരുദ്ധ നിലപാടാണുളളതെന്ന് ചൂണ്ടിക്കാട്ടിയ എംവി ഗോവിന്ദൻ കേരളത്തിനുളള സഹായം വേഗത്തിലാക്കണമെന്നും ആവശ്യപ്പെട്ടു.
പാർട്ടിയും സർക്കാരും നല്ല നിലയിൽ മുന്നോട്ട് പോകുന്നതിനിടെ നേതൃത്വത്തിനെതിരെ ആക്രമണങ്ങൾ ഉണ്ടാകുന്നു. അതിനായുളള പ്രചാരണത്തിന്റെ ഭാഗമാണ് മുഖ്യമന്ത്രിക്കെതിരായ ആരോപണങ്ങൾ. ഇതിന് വലതുപക്ഷ മാധ്യമങ്ങളും സഹായിക്കുന്നു. ന്യൂനപക്ഷങ്ങൾക്കിടയിൽ മുഖ്യമന്ത്രിക്ക് നല്ല സ്ഥാനമാണുളളത്. ഇതില്ലാതാക്കാൻ ശ്രമം നടക്കുന്നു. മുഖ്യമന്ത്രിക്ക് ആർ എസ് എസ് ബന്ധമെന്ന പ്രചരണം ഇതിന്റെ ഭാഗമാണ്.
തൃശ്ശൂരിലെ പരാജയവുമായി ബന്ധപ്പെട്ട് ബിജെപി വിജയത്തിന് എൽഡിഎഫ് കളമൊരുക്കിയെന്ന് പ്രചാരണം ഉണ്ടാകുന്നു. എന്നാൽ തൃശ്സൂരിൽ യുഡിഎഫ് വോട്ട് ബിജെപിക്ക് ലഭിച്ചതാണ് വിജയത്തിനുളള പ്രധാന കാരണം. 86,000 വോട്ട് യുഡിഎഫിന് കുറഞ്ഞു. 18000 വോട്ട് ഞങ്ങൾക്ക് കൂടി. എന്നാൽ ഞങ്ങൾക്ക് ലഭിക്കേണ്ടിയിരുന്ന ചില വോട്ടുകളും നഷ്ടപ്പെട്ടിട്ടുണ്ട്. കോൺഗ്രസിന്റെ ക്രിസ്റ്റ്യൻ വോട്ടുകളാണ് നഷ്ടമായത്. അത് അവർ തന്നെ അന്വേഷിച്ച് കണ്ടെത്തിയിട്ടുണ്ട്. റിപ്പോർട്ട് പുറത്ത് വിടുന്നില്ലെന്നേയുളളു.
കേരളത്തിലെ പോലീസ് ഇന്ത്യയിലെ ഏറ്റവും മികച്ച പൊലീസാണ്. ഉദ്യോഗസ്ഥർക്കെതിരെ ആരോപണം വന്നാൽ ഉടൻ നടപടിയെടുക്കാൻ ആകില്ല. സ്വർണ്ണക്കള്ളക്കടത്ത് ക്രമസമാധാന പ്രശ്നമായി മാറുകയാണ്. ഇത്തരം സാഹചര്യത്തിൽ പൊലീസിന് ഇടപെടാതിരിക്കാനാകില്ല. ആ ദൗത്യമാണ് പൊലീസ് സർവഹിച്ചത്. ഇതിനെതിരെയാണ് അൻവർ കുരിശുയുദ്ധം പ്രഖ്യാപിക്കുന്നത്. വിരമിച്ച മുൻ ഡിജിപി സംഘപരിവാർ പാളയത്തിൽ എത്തി. ഉദ്യോഗസ്ഥർക്കെതിരെ ആരോപണം വന്നാൽ ഉടൻ നടപടിയെടുക്കാൻ ആകില്ല. എന്നാൽ കുറ്റക്കാരൻ ആണെന്ന് കണ്ടെത്തിയാൽ കർശനമായ നടപടിയെടുക്കുമെന്നും എംവി ഗോവിന്ദൻ അറിയിച്ചു.