പർവതാരോഹണത്തിന് ചൈനയുടെ എസ്‌കലേറ്റർ സംവിധാനം; ഇതാണോ മലകയറ്റമെന്ന് വിമർശകർ
പർവ്വതങ്ങളും മലകളും കയറുന്നത് എല്ലാ സഞ്ചാര പ്രേമികൾക്കും ഇഷ്ടമുള്ള ഒന്നാണ്. എന്നാൽ അതിനുള്ള അധ്വാനവും അപകട സാധ്യതകളും പലരെയും ഇതില്‍ നിന്ന് പിന്തിരിപ്പിക്കുകയാണ് പതിവ്. പ്രായമുള്ളവർക്കും ശാരീരിക ബുദ്ധിമുട്ടുകൾ ഉള്ളവർക്കും അതൊക്കെ സ്വപ്നം കാണാൻ മാത്രമേ സാധിക്കു. എന്നാല്‍ ചെങ്കുത്തായതും ദുര്‍ഘടം പിടിച്ചതുമായ ഒരു മലകയറാന്‍ നിങ്ങള്‍ക്ക് എസ്‌കലേറ്റര്‍ സൗകര്യം ലഭിച്ചാലോ. ഒരു ഷോപ്പിംഗ് മാളില്‍ പോകുന്ന ആയാസത്തില്‍ എസ്‌കലേറ്ററില്‍ മലകയറി മുകളിലത്തെ വ്യൂ കാണാന്‍ പറ്റിയാലോ? അതിവിചിത്രമെന്ന് തോന്നുമെങ്കിലും ചൈന ഈ ആശയം ഏറെ നേരത്തെ തന്നെ യാഥാര്‍ഥ്യമാക്കിയിട്ടുണ്ട്.
ചൈനയിലെ നിരവധി സഞ്ചാരികളെത്തുന്ന ഒന്നിലേറെ മലകളില്‍ എസ്‌കലേറ്ററുകള്‍ സ്ഥാപിച്ചിട്ടുണ്ട്. സമീപകാലത്ത് പുതിയൊന്ന് കൂടെ സ്ഥാപിച്ചതോടെ ഇതിന്റെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരുന്നു. നിരവധി പേര്‍ ഈ എസ്‌കലേറ്ററുകള്‍ക്ക് കയ്യടിച്ചപ്പോള്‍ മറ്റുചിലര്‍ വിമര്‍ശനവുമായും രംഗത്തെത്തി. പ്രായമായവര്‍ക്കും കുട്ടികള്‍ക്കും ഭിന്നശേഷിക്കാര്‍ക്കുമെല്ലാം ഇത് വലിയ സഹായം ചെയ്യുമെന്നാണ് അനുകൂലിക്കുന്നവര്‍ പറയുന്നത്. എന്നാല്‍ പ്രകൃതിയുടെ സ്വാഭാവികത നശിപ്പിക്കുകയും പര്‍വതാരോഹണം എന്ന ആശയത്തെ തന്നെ ഇല്ലായ്മ ചെയ്യുന്നതുമാണ് ഈ നടപടിയെന്നാണ് വിമര്‍ശകരുടെ പക്ഷം.
ഷീജിയാങ് പ്രവിശ്യയിലെ ട്യാന്യു മലനിരകളില്‍ കഴിഞ്ഞ വര്‍ഷമാണ് എസ്‌കലേറ്റര്‍ സ്ഥാപിച്ചത്. നേരത്തെ ഒരു മണിക്കൂറിലേറെ സമയമെടുത്ത് ട്രക്ക് ചെയ്താണ് ഇവിടെ സഞ്ചാരികളെത്തിയിരുന്നെങ്കില്‍ ഇപ്പോള്‍ എസ്‌കലേറ്ററില്‍ പത്ത് മിനിറ്റില്‍ താഴെ സമയത്തില്‍ എത്താം. ഇതോടെ ഇവിടേക്കെത്തുന്ന സഞ്ചാരികളുടെ എണ്ണത്തിലും വന്‍ വര്‍ധനവുണ്ടായി. എന്നാല്‍ സ്വയം അധ്വാനിക്കാതെ പ്രകൃതിയുടെ ഭാഗമാവാതെ എന്ത് മലകയറ്റമെന്നാണ് വിമര്‍ശകരുടെ ചോദ്യം. കഷ്ടപ്പെട്ട് അധ്വാനിച്ച് മുകളിലെത്തുമ്പോഴുള്ള ആഹ്ലാദം ഇത്തരം എസ്‌കലേറ്റര്‍ യാത്രകളില്‍ കിട്ടില്ലെന്നും ഇവര്‍ പറയുന്നു.
എന്നാല്‍ നടന്ന് കയറേണ്ടവര്‍ക്ക് ഇപ്പോഴും അങ്ങനെ കയറാമെന്നും തങ്ങള്‍ എസ്‌കലേറ്ററില്‍ പോയ്‌ക്കൊള്ളാമെന്നുമാണ് ചിലര്‍ ഇതിന് മറുപടിയായി പറയുന്നത്. ജീവിതത്തില്‍ ഒരിക്കലും ഈ മലമുകളിലെ കാഴ്ചകള്‍ കാണാന്‍ പറ്റില്ലെന്ന് കരുതിയിരുന്ന പലര്‍ക്കും അത് യാഥാര്‍ഥ്യമാക്കാന്‍ ഈ എസ്‌കലേറ്റര്‍ കാരണമായെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു.