ഈ കാണുന്നത് ഒരു കാടല്ല, ഒരൊറ്റ മരമാണ്! ലോകത്തിലെ ഏറ്റവും വലിയ കശുമാവ് എവിടെയെന്ന് അറിയാമോ?

 ഈ കാണുന്നത് ഒരു കാടല്ല, ഒരൊറ്റ മരമാണ്! ലോകത്തിലെ ഏറ്റവും വലിയ കശുമാവ് എവിടെയെന്ന് അറിയാമോ?

ലോകത്ത് പലതരം കാടുകൾ ഉണ്ട്. പ്രകൃതി നിർമിതമായ നിബിഢവനവും മനുഷ്യനിർമിതമായ കൃത്രിമ വനങ്ങളുമൊക്കെയുണ്ട്. എന്നാൽ ഒരു മരം തന്നെ ഒരു വനമായി മാറിയതിനെ കുറിച്ച് കേട്ടിട്ടുണ്ടോ? ലോകത്തിലെ ഏറ്റവും വലിയ കശുമാവാണ് അത്. പീരങ്കി കശുമാവ് എന്നറിയപ്പെടുന്ന അവയുള്ളത് ഇവിടെയെങ്ങുമല്ല. അങ്ങ് ബ്രസീലിലാണ്. ഒറ്റയ്ക്ക് നിൽക്കുന്ന ഈ കശുമാവ് കണ്ടാൽ ആരും ഞെട്ടിപ്പോവും. കാരണം, ഒരു ചെറിയ കാട് പോലെയാണ് അവയുടെ വളർച്ച.

ബ്രസീലിലെ റിയോ ഗ്രാൻഡെ ഡോ നോർട്ടെയിലെ പിരങ്കി ഡോ നോർട്ടെയിൽ സ്ഥിതി ചെയ്യുന്ന പിരങ്കി കശുമാവ് ഏകദേശം 500 മീറ്റർ ചുറ്റളവിലാണ് നിൽക്കുന്നത്. ഇതിന് 8,400 ചതുരശ്ര മീറ്റർ വിസ്തീർണ്ണവും ഉണ്ട്. ഔദ്യോ​ഗികമായി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന കശുമാവായിട്ടാണ് ഇത് കരുതപ്പെടുന്നത്. 1994 -ൽ ലോകത്തിലെ ഏറ്റവും വലിയ കശുമാവായി ഇത് ​ഗിന്നസ് ബുക്കിൽ ഇടം നേടി.

പ്രദേശവാസികളുടെ വിശ്വാസം അനുസരിച്ച്, 1888 -ൽ ലൂയിസ് ഇനാസിയോ ഡി ഒലിവേര എന്ന മത്സ്യത്തൊഴിലാളിയാണ് ഈ കശുമാവ് നട്ടുപിടിപ്പിച്ചത് എന്ന് പറയുന്നു. എന്നാൽ, വളർച്ച കണക്കിലെടുക്കുമ്പോൾ കശുമാവിന് അതിനേക്കാൾ പഴക്കമുണ്ട് എന്നാണ് തോന്നുന്നത് എന്നും വാദമുണ്ട്. 70 സാധാരണ കശുമാവിന്റെ അത്രയും ചേർത്താലാണ് ഈ ഒരു കശുമാവിന്റെ വലിപ്പത്തിലെത്തൂ എന്നാണ് പറയുന്നത്. ഓരോ വർഷവും 60,000 കശുവണ്ടി ഈ മരത്തിലുണ്ടാകുന്നുണ്ട് എന്നാണ് കണക്കുകൾ പറയുന്നത്.

ബ്രസീലിൽ നിന്നും അല്ലാതെയുമുള്ള നൂറുകണക്കിന് ആളുകൾ ഓരോ വർഷവും ഈ കശുമാവ് സന്ദർശിക്കാനെത്താറുണ്ട് എന്നും റിപ്പോർട്ടുകൾ പറയുന്നു. എന്നാലും, ഈ കശുമാവ് എങ്ങനെയാണ് ഇത്ര വലുതായത് എന്നല്ലേ? ഇതിന്റെ ശാഖകൾ വളർന്ന് പടർന്ന് പലതും നിലത്ത് മുട്ടിത്തുടങ്ങി. അതിന് വേരുകളും ഇറങ്ങി. അങ്ങനെയാണ് അത് കൂടുതൽ കൂടുതൽ പടർന്നു പന്തലിച്ചത്. ഒരുപാട് മരങ്ങളടങ്ങിയ ഒരു വലിയ മരം എന്ന് വേണമെങ്കിൽ പറയാം.

Leave a Reply

Your email address will not be published. Required fields are marked *