‘മലപ്പുറം ജില്ലയിലെ ക്രൈം റേറ്റ് കൃത്രിമമായി ഉണ്ടാക്കി’; കേരളം നിയന്ത്രിക്കുന്നത് പിആർ ഗ്രൂപ്പാണെന്ന് ലീഗ് നേതാവ് കെഎം ഷാജി
കോഴിക്കോട്: മലപ്പുറം ജില്ലയിൽ ക്രൈം റേറ്റ് കൃത്രിമമായി ഉണ്ടാക്കിയതാണെന്ന് മുസ്ലിം ലീഗ് നേതാവ് കെഎം ഷാജി. കേരളത്തെ നിയന്ത്രിക്കുന്നത് പിആര്‍ ഗ്രൂപ്പാണെന്നും അതിന്റെ തലപ്പത്ത് ഇരിക്കുന്നത് കേന്ദ്ര മന്ത്രി അമിത് ഷായാണെന്നും കെഎം ഷാജി പറഞ്ഞു. എലത്തൂർ കേസിൽ ഷഹീൻ ബാഗിനെ തീവ്ര വാദ കേന്ദ്രമാക്കി സംസാരിച്ച ആളാണ് എഡിജിപി അജിത് കുമാര്‍. എലത്തൂർ കേസിൽ ഒരു പ്രതിയെ ഉണ്ടാക്കി അയാളെ മാത്രം വെച്ച് ക്ലോസ് ചെയ്യുകയാണ് ഉണ്ടായതെന്നും കെഎം ഷാജി പറഞ്ഞു. മലപ്പുറം ജില്ലയിൽ ക്രൈം റേറ്റ് കൃത്രിമമായി ഉണ്ടാക്കിയതാണ്.
മലപ്പുറം സിപിഎം ജില്ലാ സെക്രട്ടറിയും സുജിത് ദാസും മുഖ്യമന്ത്രിയും ചേർന്നാണ് ഇതിനായി പ്രവർത്തിച്ചത്. ഡിപ്ലോമറ്റിക് ചാനലിൽ സ്വപ്നയെ ഉപയോഗിച്ച് മുഖ്യമന്ത്രി കൊണ്ടു വന്ന അത്ര സ്വർണം കരിപ്പൂര്‍ വഴി കഴിഞ്ഞ അഞ്ചു വർഷം കടത്തിയിട്ടുണ്ടാവില്ല. ചെരിപ്പ് നന്നാക്കാൻ ഉണ്ടോ എന്ന് ചോദിച്ചു നടക്കുമ്പോലെയാണ് മുഖ്യമന്ത്രിയുടെ ഇൻറർവ്യൂ വേണോ എന്ന് ചോദിച്ചു പി ആർ ഏജൻസികൾ നടക്കുന്നത്. ഉളുപ്പില്ലാത്ത മുഖ്യൻ രാജി വെച്ച് പുറത്തു പോകണം.
തള്ള് നടത്താൻ മാത്രമേ ഈ മുഖ്യമന്ത്രിക്ക് പറ്റുകയുള്ളു. അശോകൻ ചരുവിൽ പാർട്ടിയുടെ അടിമ പണ്ടാരമാണ്. ഈ അടിമ പണി സഖാക്കൾ അവസാനിപ്പിക്കണം. മുഖ്യമന്ത്രിക്കെതിരെ പറയാൻ ധൈര്യം കാണിച്ച അൻവറിനെ അഭിനന്ദിക്കുകയാണ്. തൃശൂർ പൂരം കുളമാക്കിത് മുഖ്യനും മകൾക്കും വേണ്ടിയാണു എന്ന് തുറന്നു പറയാൻ അൻവർ ഇത് വരെ ധൈര്യം കാണിച്ചിട്ടില്ലെന്നും കെഎം ഷാജി ആരോപിച്ചു. ആർഎസ്എസ് പിണറായി അവിശുദ്ധ കൂട്ടുകെട്ടിനെതിരെ കൊടുവള്ളിയിൽ നടത്തിയ മുസ്ലിം ലീഗ് പ്രതിഷേധ സംഗമത്തിൽ സംസാരിക്കുകയായിരുന്നു കെഎം ഷാജി.