‘കാലാവസ്ഥ അനുകൂലം’; ലോറിയെങ്കിലും കണ്ടെത്തണമെന്ന് അർജുന്റെ കുടുംബം
കോഴിക്കോട്: കർണാടകയിലെ ഷിറോയിൽ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുന് വേണ്ടിയുള്ള തിരച്ചിൽ പുനരാരംഭിക്കുന്ന ഇന്ന് പ്രതീക്ഷ അറിയിച്ച് കുടുംബം. അർജുനെ കണ്ടെത്താനാകുമെന്നാണ് പ്രതീക്ഷയെന്ന് അര്‍ജുന്റെ ഭാര്യ കൃഷ്ണപ്രിയയും സഹോദരി അഞ്ജുവും പറഞ്ഞു. നാലുദിവസത്തേക്ക് നിര്‍ത്തിവെച്ച തിരച്ചില്‍ ഒരുമാസത്തിന് ശേഷം അവർ തുടങ്ങുകയാണ്. എത്രയും പെട്ടെന്ന് കണ്ടെത്തുമെന്നാണ് പ്രതീക്ഷ, കൃഷ്ണപ്രിയ പറഞ്ഞു. ലോറിയെങ്കിലും കണ്ടെത്തണമെന്നും കൃഷ്ണപ്രിയ പറഞ്ഞു.
ലോറി ഒന്നുകൂടെ ലൊക്കേറ്റ് ചെയ്യണമെന്നാണ് അധികൃതർ പറഞ്ഞിട്ടുള്ളതെന്ന് സഹോദരി അഞ്ജു പറഞ്ഞു. അതിന് അനുസരിച്ചായിരിക്കും എന്തൊക്കെ സംവിധാനങ്ങൾ കൈക്കൊള്ളണമെന്ന് തീരുമാനിക്കുന്നത്. തുടർന്ന്, ജില്ലാ ഭരണകൂടം വേണ്ടകാര്യങ്ങൾ ചെയ്യുമെന്നാണ് കരുതുന്നത്. പുഴയില്‍ ഇപ്പോള്‍ ഒഴുക്ക് കുറവുണ്ട്. വെള്ളവും കുറഞ്ഞിട്ടുണ്ട്. ഈ അനുകൂല കാലാവസ്ഥയിൽ തിരച്ചിൽ നടത്തിയാൽ കണ്ടെത്താനാകുമെന്നാണ് പ്രതീക്ഷയെന്നും അവർ കൂട്ടിച്ചേർത്തു.
നദിയിലെ ഒഴുക്ക് കുറവുണ്ടെന്ന് തിങ്കളാഴ്ച നടത്തിയ പരിശോധനയില്‍ നാവികസേന കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നാവികസേനയുടെ നേതൃത്വത്തില്‍ പുഴയില്‍ റഡാര്‍ പരിശോധന നടത്താനാണ് തീരുമാനം. ലോറിയുടെ സ്ഥാനം മാറിയിട്ടുണ്ടോ എന്ന് അറിയുകയാണ് പ്രധാനലക്ഷ്യം.