രോഗിയായ ഭർത്താവിനൊപ്പം ആംബുലൻസിൽ പോകവേ ഭാര്യയെ ഡ്രൈവറും സഹായിയും ചേർന്ന് പീഡിപ്പിച്ചു; ഭർത്താവ് മരിച്ചു, സ്ത്രീയെ വഴിയിൽ ഉപേക്ഷിച്ച് കടന്നു
ലഖ്നൗ: രോഗിയായ ഭര്‍ത്താവിനൊപ്പം പോയ സ്ത്രീയെ ആംബുലന്‍സില്‍വച്ച് ഡ്രൈവറും സഹായിയും ചേർന്ന് പീഡിപ്പിച്ചെന്ന് പരാതി. ഭര്‍ത്താവിന് ആംബുലന്‍സില്‍ നല്‍കിയിരുന്ന ഓക്സിജന്‍ സംവിധാനം പ്രതികള്‍ വിച്ഛേദിച്ചു. തുടര്‍ന്ന് ഭര്‍ത്താവ് മരണപ്പെട്ടെന്നും തന്റെ പണവും ആഭരണങ്ങളും കൊള്ളയടിച്ച് പ്രതികൾ രക്ഷപ്പെട്ടെന്നും പരാതിക്കാരി മൊഴി നല്കി.
ഓഗസ്റ്റ് 29-ന് രാത്രിയായിരുന്നു കേസിനാസ്പദമായ സംഭവം. പരാതിക്കാരിയുടെ ഭര്‍ത്താവ് അസുഖബാധിതനായി ലഖ്നൗവിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. എന്നാല്‍, സാമ്പത്തിക ബുദ്ധിമുട്ട് കാരണം പരാതിക്കാരി ഇവിടെനിന്ന് വിടുതല്‍ വാങ്ങി ഭര്‍ത്താവിനെ മറ്റൊരു ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ തീരുമാനിച്ചു. ഇതിനായി ഗാസിപുരില്‍നിന്നുള്ള ഒരു സ്വകാര്യ ആംബുലന്‍സും വിളിച്ചു. തുടര്‍ന്ന് യാത്രയ്ക്കിടെയാണ് ആംബുലന്‍സ് ഡ്രൈവറും സഹായിയും പീഡിപ്പിച്ചതെന്നാണ് പരാതിയില്‍ പറയുന്നത്.
രോഗിയായ ഭര്‍ത്താവിനൊപ്പം പരാതിക്കാരിയും ഇവരുടെ സഹോദരനും ആംബുലന്‍സിലുണ്ടായിരുന്നു. യാത്രയ്ക്കിടെ ഡ്രൈവര്‍ സ്ത്രീയോട് മുന്‍വശത്തെ സീറ്റിലിരിക്കാന്‍ ആവശ്യപ്പെട്ടു. സ്ത്രീ മുന്‍സീറ്റിലിരുന്നാല്‍ രാത്രി പോലീസിന്റെ പരിശോധന ഒഴിവാക്കാമെന്നായിരുന്നു ഇയാള്‍ പറഞ്ഞിരുന്നത്. തുടര്‍ന്ന് സ്ത്രീയെ നിര്‍ബന്ധിച്ച് മുന്‍സീറ്റിലിരുത്തി. ഇതിനുപിന്നാലെ ഡ്രൈവറും സഹായിയും സ്ത്രീയെ ശാരീരികമായി ഉപദ്രവിക്കുകയായിരുന്നു.
പരാതിക്കാരി അതിക്രമത്തെ എതിര്‍ത്തെങ്കിലും പ്രതികള്‍ പിന്‍വാങ്ങിയില്ല. സംഭവം കണ്ട സഹോദരനും രോഗിയായ ഭര്‍ത്താവും ബഹളംവെച്ചെങ്കിലും ഇരുവരും ഉപദ്രവം തുടര്‍ന്നു. പിന്നാലെ ഡ്രൈവര്‍ പ്രധാന റോഡരികില്‍ ആംബുലന്‍സ് നിര്‍ത്തി. തുടര്‍ന്ന് ഭര്‍ത്താവിന്റെ മുഖത്ത് ഘടിപ്പിച്ചിരുന്ന ഓക്സിജന്‍ മാസ്ക് നീക്കിയെന്നും ഭര്‍ത്താവിനെ ആംബുലന്‍സില്‍നിന്ന് പുറത്തിറക്കിയെന്നുമാണ് ആരോപണം. സ്ത്രീയുടെ സഹോദരനെ പ്രതികള്‍ പിന്നീട് മുന്‍വശത്തെ കാബിനില്‍ പൂട്ടിയിട്ടു. തുടര്‍ന്ന് സ്ത്രീയെ ഇരുവരും ചേര്‍ന്ന് വീണ്ടും ലൈംഗികമായി പീഡിപ്പിച്ചെന്നും കൈയിലുണ്ടായിരുന്ന പതിനായിരം രൂപയും പാദസരങ്ങളും മറ്റുരേഖകളും കൊള്ളയടിച്ചെന്നും പരാതിയില്‍ പറയുന്നു.
മൂവരെയും റോഡില്‍ ഉപേക്ഷിച്ചതിന് ശേഷം പ്രതികള്‍ ആംബുലന്‍സുമായി രക്ഷപ്പെട്ടു. തുടര്‍ന്ന് സഹോദരന് പോലീസിനെ വിളിച്ച് സഹായം തേടി. ഉടന്‍തന്നെ മറ്റൊരു ആംബുലന്‍സ് വിളിച്ച് ഭര്‍ത്താവിനെ ഗോരഖ്പൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നതായും സ്ത്രീ മൊഴി നല്കി.
സംഭവത്തില്‍ കഴിഞ്ഞദിവസമാണ് ഗാസിപുര്‍ പോലീസ് സ്റ്റേഷനില്‍ സ്ത്രീ പരാതി നല്‍കിയത്. ഇവരുടെ പരാതിയില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായും പ്രതികള്‍ക്കായി തിരച്ചില്‍ തുടരുകയാണെന്നും ലഖ്നൗ നോര്‍ത്ത് അഡീ. ഡെപ്യൂട്ടി കമ്മീഷണര്‍ ജിതേന്ദ്രകുമാര്‍ ദുബെ മാധ്യമങ്ങളോട് പറഞ്ഞു.