30 കിലോ നിരോധിത പുകയില ഉൽപ്പന്നങ്ങൾ; കണ്ടെത്തിയത് കോറ്റാർക്കാവ് ക്ഷേത്രത്തിന് സമീപത്തെ തൊഴിലാളി ക്യാമ്പിൽ
മാവേലിക്കര: ഇതര സംസ്ഥാന തൊഴിലാളി താമസിക്കുന്ന ക്യാമ്പിൽ 30 കിലോയോളം നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടി. കോറ്റാർക്കാവ് ക്ഷേത്രത്തിന് സമീപത്തായി ഉള്ള ക്യാമ്പിൽ മാവേലിക്കര എക്സൈസ് റേഞ്ച് സംഘം നടത്തിയ റെയ്ഡിലാണ് ലഹരി പിടികൂടിയത്. ബീഹാർ സ്വദേശിയായ മുഹമ്മദ് ഉസ്മാൻ എന്നയാൾക്ക് എതിരെ കേസ് എടുത്തു. കൂടുതൽ അന്വേഷണം നടത്തിവരുന്നതായി എക്സൈസ് വ്യക്തമാക്കി.
സ്ഥലത്ത് എക്സൈസിന്റെ നിരീക്ഷണവും കർശനമാക്കിയിട്ടുണ്ട്. റെയ്ഡിന് മാവേലിക്കര എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ പി. എസ്. കൃഷ്ണരാജ്,അസി. എക്സൈസ് ഇൻസ്പെക്ടർമാരായ മണിയനാചരി, വി. രമേശൻ, പ്രിവന്റീവ് ഓഫീസർ അനീഷ്കുമാർ, സിവിൽ എക്സൈസ് ഓഫീസർ പ്രതിഷ്, ശ്യാം വനിത സിവിൽ എക്സൈസ് ഓഫീസർ ബബിതരാജ് എന്നിവർ പങ്കെടുത്തു.
മാവേലിക്കര എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ അൻവർ സാദത്തിൻ്റെ നേതൃത്വത്തിൽ ചെട്ടികുളങ്ങര, കണ്ടിയൂർ ഭാഗങ്ങളിൽ നടന്ന മറ്റൊരു പരിശോധനയിൽ 212 പായ്ക്കറ്റ് ഹാൻസ് പിടി കൂടുകയും വില്പനക്കാർക്ക് 2400 രൂപ പിഴയും ചുമത്തിയിട്ടുണ്ട്.