ശരീരത്തിലൂടെ ലോറി കയറിയിറങ്ങി നവവധുവിന് ദാരുണാന്ത്യം
തിരുവനന്തപുരം: ശരീരത്തിലൂടെ ലോറി കയറിയിറങ്ങി നവവധുവിന് ദാരുണാന്ത്യം. ആറ്റിങ്ങൽ മാമത്ത് വെള്ളിയാഴ്ച്ച വൈകിട്ട് മൂന്നരയോടെയാണ് സംഭവം. കൊട്ടാരക്കര മീയന്നൂർ മേലൂട്ട് വീട്ടിൽ കൃപ മുകുന്ദൻ (29) ആണ് മരിച്ചത്. ഭർത്താവ് കൊല്ലം പൂയപ്പള്ളി അഖിൽ നിവാസിൽ അഖിൽ ജിത്ത് അത്ഭുതകരമായി രക്ഷപെട്ടു. ഭർത്താവിനൊപ്പം ബൈക്കിൽ തിരുവനന്തപുരം ഭാഗത്തു നിന്നും കൊട്ടാരക്കരയിലേക്ക് പോകവെയാണ് അപകടമുണ്ടായത്. ദമ്പതികൾ സഞ്ചരിച്ചിരുന്ന ദിശയിൽ തന്നെ എത്തിയ കണ്ടെയ്നർ ലോറി ബൈക്കിൽ ഇടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചു വീണ കൃപയുടെ ശരീരത്തിലൂടെ ലോറിയുടെ ചക്രങ്ങൾ കയറി ഇറങ്ങുകയായിരുന്നെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. ഗുരുതരമായി പരുക്കേറ്റ കൃപയെ ഉടൻ തന്നെ വലിയകുന്ന് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകടത്തെ തുടർന്ന് ദേശീയപാതയിൽ ഏറെ നേരം ഗതാഗത കുരുക്കുണ്ടായി. കൊട്ടാരക്കര ബാർ അസോസിയേഷനിലെ അഭിഭാഷകയാണ് മരിച്ച കൃപ. ഭർത്താവ് കൊല്ലം പൂയപ്പള്ളി അഖിൽ നിവാസിൽ അഖിൽ ജിത്തിനെ നിസാര പരുക്കുകളോടെ വലിയകുന്ന് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.