വൈദ്യുതിയുടെ സഹായം വേണ്ട, വെറും ഗുരുത്വാകർഷണം മാത്രം മതി; വായുവിൽ നിന്ന് വെള്ളം വേർതിരിച്ചെടുക്കാൻ പുത്തൻ സാങ്കേതികവിദ്യയുമായി ഗവേഷകർ
റിയാദ്: ഗുരുത്വാകർഷണം മാത്രം ഉപയോഗിച്ച് വായുവിൽ നിന്ന് വെള്ളം വേർതിരിച്ചെടുക്കുന്ന സാങ്കേതികവിദ്യ വികസിപ്പിച്ച് ഗവേഷകർ. സൗദി അറേബ്യയിലെ കിങ് അബ്ദുല്ല യൂണിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജിയിലെ (KAUST) ഗവേഷകരാണ് നിർണായകമായ കണ്ടെത്തൽ നടത്തിയിരിക്കുന്നത്. വൈദ്യുതിയോ മറ്റ് ഊർജ്ജ സ്രോതസ്സുകളോ ഉപയോഗിക്കാതെ അന്തരീക്ഷത്തിൽ നിന്നും വെള്ളം വേർതിരിച്ചെടുക്കാനുള്ള സാങ്കേതികവിദ്യയാണ് ഗവേഷകർ വികസിപ്പിച്ചിരിക്കുന്നത്.
ഗൾഫ് രാജ്യങ്ങൾ ഉൾപ്പെടെ ജലക്ഷാമം നേരിടുന്ന പ്രദേശങ്ങൾക്ക് വലിയ പ്രതീക്ഷ നൽകുന്നതാണ് പുതിയ കണ്ടുപിടുത്തം. വിലകുറഞ്ഞതും എളുപ്പത്തിൽ ലഭ്യമായതുമായ വസ്തുക്കളുപയോഗിച്ചാണ് ഈ സംവിധാനം നിർമിച്ചിരിക്കുന്നത്. ഇത് വൈദ്യുതി ഉപയോഗിക്കുന്നില്ല എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. ഒരു പ്രത്യേക ലൂബ്രിക്കന്റ് കോട്ടിങ് ഉപയോഗിച്ച്, ഉപകരണത്തിന്റെ ഉപരിതലത്തിൽ പതിക്കുന്ന ജലത്തുള്ളികൾ സ്വാഭാവികമായി ഒഴുകി വീണ് ശേഖരിക്കപ്പെടുന്നു.
വരണ്ട പ്രദേശങ്ങളിൽ ജലക്ഷാമം ഒരു വലിയ പ്രശ്നമാണ്. ഈ സാങ്കേതികവിദ്യ വെള്ളം ലഭ്യത വർദ്ധിപ്പിക്കുന്നതിന് സഹായിക്കും. ഇതിനു പുറമേ, സോളാർ സെല്ലുകൾ തണുപ്പിക്കുന്നതിന് ഇത് ഉപയോഗിക്കാം, ഇത് അവയുടെ കാര്യക്ഷമത വർധിപ്പിക്കും. വൈദ്യുതി ഉപയോഗിക്കാത്തതിനാൽ ഇത് പരിസ്ഥിതിക്ക് ഹാനികരമല്ല എന്ന മെച്ചവുമുണ്ട്.
സൗദി അറേബ്യ പോലുള്ള വരണ്ട പ്രദേശങ്ങളിൽ, ഇത് സോളാർ സെല്ലുകൾ കൂടുതൽ വ്യാപകമായി ഉപയോഗിക്കാൻ സഹായിക്കും. ഈ സാങ്കേതികവിദ്യ ജല ലഭ്യത വർധിപ്പിക്കുന്നതിനും, സോളാർ ഊർജ്ജ ഉത്പാദനം വർധിപ്പിക്കുന്നതിനും സഹായിക്കും. ഇത് പരിസ്ഥിതി സംരക്ഷണത്തിനും നേട്ടമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. പുതിയ സംവിധാനം നിലവിലുള്ള സാങ്കേതികവിദ്യകളേക്കാൾ ഇരട്ടി വെള്ളം ശേഖരിക്കാൻ കഴിയുന്നതാണ് എന്നതും നേട്ടമാണ്.