എട്ട് ദിവസമെന്ന് പറഞ്ഞ് യാത്ര, മൂന്നാഴ്ചയിലേറെയായി സുനിതയും സംഘവും ബഹിരാകാശത്ത് തന്നെ; സ്റ്റാർലൈനറിന്റെ തിരിച്ചിറക്കത്തിന് ഇനി മാസങ്ങളോളം കാക്കണം
ദിവസങ്ങൾ മാത്രം നീണ്ടുനിൽക്കുമെന്ന് ആദ്യം പ്രവചിക്കപ്പെട്ട ഒരു ദൗത്യം ഇപ്പോൾ മൂന്നാഴ്ചയിലേറെയായി നീളുന്നു. ബോയിങ് സ്റ്റാര്‍ലൈനര്‍ പേടകത്തിലെ ബഹിരാകാശ സഞ്ചാരികളായ സുനിത വില്യംസും ബച്ച് വില്‍മോറും എന്ന തിരികെ ഭൂമിയിൽ എത്തും എന്ന കാര്യത്തിൽ ഇതുവരെയും തീരുമാനം ആയിട്ടില്ല. ചിലപ്പോൾ മാസങ്ങളോളം അവർക്ക് ബഹിരാകാശ നിലയത്തിൽ കഴിയേണ്ടി വരും. എന്നാൽ സുനിത വില്യംസും ബുച്ച് വിൽമോറും സാധാരണ കാര്യങ്ങളൊക്കെ ചെയ്ത് ദീർഘകാല സ്റ്റാർലൈനർ ദൗത്യങ്ങൾക്കായി നിർണായക ഡാറ്റ ശേഖരിക്കാൻ സഹായിക്കുകയാണെന്നാണ് ബോയിങ് പറയുന്നത്.
നിലവില്‍ കൃത്യമായ തീയതികളൊന്നും നാസ പ്രഖ്യാപിച്ചിട്ടില്ല. ഈ സഹാചര്യത്തില്‍ സ്റ്റാര്‍ലൈനര്‍ ദൗത്യത്തിന്റെ കാലാവധി 45 ദിവസം മുതല്‍ 90 ദിവസം വരെ ദീര്‍ഘിപ്പിക്കുന്ന കാര്യം നാസ പരിഗണിക്കുന്നുണ്ടെന്നാണ് ഏജന്‍സിയുടെ കോമേര്‍ഷ്യല്‍ ക്രൂ പ്രോഗ്രാം മാനേജര്‍ സ്റ്റീവ് സ്റ്റിച്ച് പറയുന്നത്.
സുനിത വില്യംസിനേയും ബച്ച് വില്‍മോറിനേയും വഹിച്ചുള്ള യാത്രയ്ക്കിടെ പലതവണ ഹീലിയം ചോര്‍ച്ചയുണ്ടായെന്നും ത്രസ്റ്ററുകള്‍ പ്രവര്‍ത്തന രഹിതമായിരുന്നുവെന്നും നാസ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അതേ പേടകത്തില്‍ തന്നെ സഞ്ചാരികളെ തിരികെ എത്തിക്കുന്നതില്‍ സുരക്ഷാ പ്രശ്‌നങ്ങളുണ്ട്. ഇത് പരിശോധിച്ചുവരികയാണെന്നാണ് നാസ പറയുന്നത്. ഈ സാഹചര്യത്തിലാണ് ദൗത്യത്തിന്റെ കാലാപരിധി മൂന്ന് മാസം വരെ ദീര്‍ഘിപ്പിക്കുന്നകാര്യം നാസ പരിഗണിക്കുന്നത്.
സ്റ്റാര്‍ലൈനറിന്റെ തകരാറിനുള്ള കാരണം സംബന്ധിച്ച് എഞ്ചിനീയര്‍മാര്‍ക്ക് ഇപ്പോഴും കൃത്യമായ ധാരണ ലഭിച്ചിട്ടില്ലെന്നാണ് വിവരം. എന്തുകൊണ്ടാണ് യാത്രയ്ക്കിടെ ത്രസ്റ്ററുകള്‍ക്ക് തകരാര്‍ സംഭവിച്ചത് എന്നാണ് പരിശോധിക്കുന്നത്. അതിനുള്ള ഉത്തരം ലഭിച്ചാല്‍ മാത്രമേ പേടകം അണ്‍ഡോക്ക് ചെയ്ത് തിരിച്ചിറങ്ങാനാവൂ. നിലവില്‍ നിലയത്തിലുണ്ടായിരുന്ന മറ്റ് സഞ്ചാരികള്‍ക്കൊപ്പം ദൈനംദിന പ്രവര്‍ത്തനങ്ങളില്‍ സുനിത വില്യംസും വില്‍മോറും പങ്കാളികളാണ്.
സ്റ്റാര്‍ലൈനര്‍ പേടകം തിരിച്ചിറക്കുന്നത് വൈകുന്നതിനുള്ള നാസയുടെ മറ്റൊരു വിശദീകരണം ഇങ്ങനെയാണ്…
പേടകത്തിന് താഴെയുള്ള സിലിണ്ടര്‍ രൂപത്തിലുള്ള സര്‍വീസ് മോഡ്യൂളിലാണ് വാതക ചോര്‍ച്ചയും ത്രസ്റ്ററുകളുടെ പ്രശ്‌നങ്ങളും ഉള്ളത്. നിലയത്തിലേക്കുള്ള യാത്രയ്ക്കിടെയാണ് ഇത് സംഭവിച്ചത്. അതിനുള്ള കാരണം കണ്ടുപിടിച്ചെങ്കില്‍ മാത്രമേ ഇനി നിര്‍മിക്കുന്ന പേടകങ്ങളില്‍ ആ പ്രശ്‌നങ്ങള്‍ പരിഹരിക്കാനാവൂ. ഇത് പേടകത്തിന്റെ, ഒരു പരീക്ഷണ ദൗത്യം കൂടിയാണെന്ന് ഓര്‍ക്കണം.
പേടകത്തിന്റെ ബഹിരാകാശത്തെ സഞ്ചാരത്തിനുള്ള ഊര്‍ജം നല്‍കുന്നത് സര്‍വീസ് മോഡ്യൂളാണ്. പേടകം തിരിച്ചിറങ്ങുമ്പോള്‍ ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് പ്രവേശിച്ചു കഴിഞ്ഞാല്‍ ഈ സര്‍വീസ് മോഡ്യൂള്‍ കത്തിച്ചാമ്പലാവുകയും പേടകം മാത്രം പാരച്യൂട്ടുകളുടെ സഹായത്തോടെ സുരക്ഷിതമായി ഇറങ്ങുകയും ചെയ്യുന്ന വിധത്തിലാണ് ഇതിന്റെ രൂപകൽപന. അക്കാരണത്താല്‍ സർവീസ് മോഡ്യൂളിലെ പ്രശ്നം ഭൂമിയിൽ തിരിച്ചെത്തിച്ച് പരിശോധിക്കാനാവില്ല. അതിനാലാണ് പേടകം നിലയത്തില്‍ തന്നെ നിര്‍ത്തി അവിടെ നിന്ന് പ്രശ്‌നങ്ങള്‍ പഠിക്കുന്നത്. മൂന്ന് മാസം വരെ ദൗത്യത്തിന്റെ സമയം ദീര്‍ഘിപ്പിക്കുമോ എന്ന് ഉറപ്പില്ല.