ഗര്‍ഭഛിദ്രത്തിനിടെ ഇരുപത്തിയഞ്ചുകാരി മരിച്ചു; മൃതദേഹം പുഴയില്‍ തള്ളി കാമുകൻ, ദൃക്‌സാക്ഷികളായ കുട്ടികളെയും തള്ളിയിട്ടു; കാമുകനും കൂട്ടാളിയും പിടിയിൽ

 ഗര്‍ഭഛിദ്രത്തിനിടെ ഇരുപത്തിയഞ്ചുകാരി മരിച്ചു; മൃതദേഹം പുഴയില്‍ തള്ളി കാമുകൻ, ദൃക്‌സാക്ഷികളായ കുട്ടികളെയും തള്ളിയിട്ടു; കാമുകനും കൂട്ടാളിയും പിടിയിൽ

മുംബൈ: ഗര്‍ഭഛിദ്രത്തിനിടെ മരിച്ച യുവതിയുടെ മൃതദേഹം പുഴയില്‍ തള്ളിയ സംഭവത്തില്‍ കാമുകനും സുഹൃത്തും പിടിയിൽ. യുവതിയുടെ കാമുകനായ ഗജേന്ദ്ര ധഘഡ്‌ഖൈരേ, കൂട്ടാളിയായ രവികാന്ത് ഗെയ്ക്വാദ് എന്നിവരെയാണ് പോലീസ് പിടികൂടിയത്. യുവതിയുടെ മൃതദേഹം പുഴയില്‍ ഉപേക്ഷിച്ചത് കണ്ട യുവതിയുടെ രണ്ടുമക്കളെയും ഇവർ പുഴയിൽ തള്ളിയിട്ടിരുന്നു. എന്നാൽ ആരുടേയും മൃതദേഹം ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.

ജൂലായ് ഒന്‍പതാം തീയതിയാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. ഭര്‍ത്താവില്‍നിന്ന് വേര്‍പിരിഞ്ഞ് താമസിക്കുന്ന ഇരുപത്തിയഞ്ചുകാരിയും മുഖ്യപ്രതിയായ ഗജേന്ദ്രയും അടുപ്പത്തിലായിരുന്നു. ഇതിനിടെ ഗജേന്ദ്രയില്‍നിന്ന് യുവതി ഗര്‍ഭം ധരിച്ചു. തുടര്‍ന്ന് ഗര്‍ഭം അലസിപ്പിക്കാനായി കാമുകനും കൂട്ടാളിയും യുവതിയെ താനെയിലേക്ക് കൂട്ടിക്കൊണ്ടുപോയി. ഗര്‍ഭഛിദ്രം നടത്തുന്നതിനിടെ യുവതി മരിച്ചെന്നാണ് പ്രതികളുടെ മൊഴി. ഇതോടെ മൃതദേഹവുമായി തിരികെ യാത്രതിരിച്ച പ്രതികള്‍ തലേഗാവില്‍വെച്ച് ഇന്ദ്രയാനി പുഴയില്‍ മൃതദേഹം തള്ളുകയായിരുന്നു.

സംഭവസമയത്ത് യുവതിയുടെ അഞ്ചും രണ്ടും വയസ്സുള്ള കുട്ടികളും പ്രതികള്‍ക്കൊപ്പമുണ്ടായിരുന്നു. അമ്മയുടെ മൃതദേഹം ഉപേക്ഷിക്കുന്നതിന് ദൃക്‌സാക്ഷികളായ കുട്ടികള്‍ സംഭവത്തിന് പിന്നാലെ നിര്‍ത്താതെ കരഞ്ഞു. ഇതോടെ പ്രതികള്‍ ഇരുവരെയും പുഴയില്‍ തള്ളിയിട്ട് കടന്നുകളഞ്ഞെന്നാണ് പോലീസ് പറയുന്നത്.

യുവതിയെയും മക്കളെയും കാണാനില്ലെന്ന് മാതാവ് നല്‍കിയ പരാതിയില്‍ പോലീസ് അന്വേഷണം ആരംഭിച്ചതോടെയാണ് കൊടുംക്രൂരതയുടെ ചുരുളഴിഞ്ഞത്. തുടര്‍ന്ന് ശാസ്ത്രീയ തെളിവുകളടക്കം ശേഖരിച്ച് പ്രതികളെ പിടികൂടുകയായിരുന്നു. അറസ്റ്റ് ചെയ്ത രണ്ടുപ്രതികളെയും ജൂലായ് 30 വരെ പോലീസ് കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു. സംഭവത്തില്‍ ആരുടെയും മൃതദേഹങ്ങള്‍ കണ്ടെത്താനായിട്ടില്ലെന്നും അന്വേഷണവും തിരച്ചിലും തുടരുകയാണെന്നും പോലീസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *