പതിനാലുകാരിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചത് പ്രണയം നടിച്ച്; പ്രതിയെ തെലങ്കാനയില്‍നിന്ന് സാഹസികമായി പിടികൂടി കേരള പോലീസ്
കൊച്ചി: പതിനാലുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച പ്രതി പിടിയിൽ. ശ്ചിമ ബംഗാൾ രത്വാ പർനാപ്പുർ സ്വദേശി മുഹമ്മദ് മുഷറഫ് (20)നെയാണ് പിടികൂടിയത്. ചെങ്ങമനാട് പോലീസ് തെലങ്കാനയിലെ ഖമ്മം രാമാനുജവാരത്ത് നിന്ന് ആണ് ഇയാളെ അറസ്റ്റ് ചെയ്തത്.
മൂന്നാറിൽ നിർമ്മാണ മേഖലയിൽ ജോലി ചെയ്യുകയായിരുന്ന പ്രതി സാമൂഹിക മാധ്യമത്തിലൂടെയാണ് പതിനാലുകാരിയായ അസം സ്വദേശിനിയെ പരിചയപ്പെട്ടത്. പെൺകുട്ടിയുമായി അടുപ്പം സ്ഥാപിച്ച ശേഷം ട്രെയിനിൽ ബംഗാളിലേക്ക് കടത്തിക്കൊണ്ടുപോകുകയും അവിടെ വച്ച് ലൈംഗികമായി പീഡിപ്പിപ്പിക്കുകയായിരുന്നു. പിന്നാലെ പോലീസെത്തി പെൺകുട്ടിയെ രക്ഷപ്പെടുത്തിയെങ്കിലും പ്രതി മുഷറഫ് ഒളിവിൽപ്പോയി.
തെലങ്കാന രാമാനുജവാരം ഉൾഗ്രാമത്തിൽ സംഘത്തിനൊപ്പം കഴിയുകയായിരുന്ന പ്രതിയെ ചെങ്ങമനാട് പോലീസ് വേഷപ്രച്ഛന്നരായി എത്തി താമസ സ്ഥലം വളഞ്ഞാണ് പിടികൂടിയത്. ഇയാളോടൊപ്പമുണ്ടായിരുന്നവർ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും പോലീസ് ചെറുത്ത് നിന്ന് കസ്റ്റഡിയിലെടുത്തു.
ജില്ലാ പോലീസ് മേധാവി വൈഭവ് സക്സേനയുടെ മേൽനോട്ടത്തിൽ രൂപവത്കരിച്ച അന്വേഷണസംഘത്തിൽ ഇൻസ്പെക്ടർ സോണി മത്തായി, എസ്.ഐമാരായ പി.കെ ബാലചന്ദ്രൻ, പി.എ തോമസ്, സീനിയർ സി.പി.ഒമാരായ കെ.ബി. സലിൻ കുമാർ, കെ.ആർ. രാഹുൽ, എം.എസ്. സിജു എന്നിവരാണ് ഉണ്ടായിരുന്നത്.