സൂര്യകാന്തിപ്പൂക്കള്‍ നിറഞ്ഞ ബാൽഗോൺ എസ്റ്റേറ്റ്; വയലറ്റ് വാരിപ്പൂശിയ എഡിന്‍ബറോയിലെ ലാവണ്ടര്‍ തോട്ടം; സ്കോട്ട്ലന്‍ഡില്‍ അവധിയാഘോഷിച്ച് മൃണാള്‍ ഠാക്കൂര്‍
സ്കോട്ട്ലന്‍ഡില്‍ അവധിയാഘോഷിച്ച് തെന്നിന്ത്യൻ താരസുന്ദരി മൃണാള്‍ ഠാക്കൂര്‍. സ്കോട്ട്ലന്‍ഡിൽ നിന്നും പകർത്തിയ ഫോട്ടോകൾ ആരാധകർക്കായി സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാനും താരം മറന്നില്ല. ലാവണ്ടര്‍ തോട്ടത്തിന് നടുവിൽ കൂടി ഉല്ലസിക്കുന്ന സന്തോഷവതിയായ നടിയെ ചിത്രത്തിൽ കാണാം. സൂര്യകാന്തിപ്പൂക്കള്‍ നിറഞ്ഞ ബാൽഗോൺ എസ്റ്റേറ്റും കാണാൻ അതിമനോഹരമാണ്.
ഗ്ലാസ്‌ഗോയിൽ നിന്ന് ഒരു മണിക്കൂര്‍ വടക്ക്, ബെർവിക്കിനടുത്താണ് ബാൽഗോൺ എസ്റ്റേറ്റ് സ്ഥിതി ചെയ്യുന്നത്. നിറയെ മഞ്ഞ സൂര്യകാന്തിപ്പൂക്കളുടെ കടല്‍ തീര്‍ക്കുന്ന വസന്തകാലമാണ് ഇവിടുത്തെ പ്രധാന ആകര്‍ഷണം. എല്ലാ വര്‍ഷവും ഓഗസ്റ്റ് മാസത്തിലാണ് ഈ കാഴ്ച സഞ്ചാരികളെ വരവേല്‍ക്കുന്നത്.
സന്ദർശകർക്ക് സൂര്യകാന്തിപ്പൂക്കൾ കൊണ്ട് നിറഞ്ഞിരിക്കുന്ന 7 ഏക്കർ പാടം നടന്നു കാണാം. ഉള്ളിലേക്കു കയറിക്കഴിഞ്ഞാല്‍ നടുക്കടലില്‍ പെട്ടത് പോലെയുള്ള അവസ്ഥയുണ്ടാകാം എന്നതിനാല്‍, സന്ദര്‍ശകര്‍ ഒരു കോമ്പസ് കയ്യില്‍ കരുതണമെന്ന് അധികൃതര്‍ നിര്‍ദ്ദേശിക്കുന്നു. പൂക്കള്‍ക്കിടയില്‍ നിന്നു ഫോട്ടോ എടുക്കാം. ഒന്നോ രണ്ടോ സൂര്യകാന്തിപ്പൂക്കള്‍ പറിക്കാനും അനുവാദമുണ്ട്.
ഇവിടെ സന്ദര്‍ശകര്‍ക്കു കയറണമെങ്കില്‍ ഫീ ഉണ്ട്. ബാല്‍ഗോണ്‍ എസ്റ്റേറ്റ് വെബ്സൈറ്റില്‍ കയറി മുന്‍കൂട്ടി ബുക്ക് ചെയ്യാം. വേണമെങ്കില്‍ പൂക്കള്‍ വാങ്ങിക്കാം. ഇവിടെ നിന്നുള്ള വരുമാനത്തിന്‍റെ 10% ബ്രെയിൻ ട്യൂമർ റിസർച്ചിനായുള്ള സംരംഭമായ ബ്രെയിൻ പവറിലേക്കാണ് പോകുന്നത്.
ഓഗസ്റ്റ് അവസാനത്തോടെ ബാൽഗോൺ എസ്റ്റേറ്റിലെ സൂര്യകാന്തി സീസണ്‍ അവസാനിക്കും. ഈ സമയത്ത് ഇവിടെ മത്തങ്ങാ കൃഷി തുടങ്ങും. സ്കോട്ട്‌ലൻഡിലെ ഏറ്റവും വലിയ മത്തങ്ങ പാടമാണ് ബാൽഗോൺ എസ്റ്റേറ്റ്.
പര്‍പ്പിള്‍ നിറത്തില്‍ പരന്നുകിടക്കുന്ന ലാവണ്ടര്‍ തോട്ടങ്ങള്‍ക്കിടയില്‍ നിന്നുള്ള ചിത്രങ്ങളും മൃണാള്‍ പങ്കുവച്ചിട്ടുണ്ട്. ഗ്ലാസ്ഗോയില്‍ നിന്നും ഒരു മണിക്കൂര്‍ അകലെയുള്ള കിന്‍റോസില്‍ സ്ഥിതിചെയ്യുന്ന ടാര്‍ഹില്‍ ആണ് സ്കോട്ട്ലന്‍ഡിലെ ഏക ലാവണ്ടര്‍ ഫാം.
ഇവിടെ നിന്നുള്ള ലാവണ്ടര്‍ പൂക്കള്‍ ഉപയോഗിച്ച് എസന്‍ഷ്യല്‍ ഒയിലുകളും പെര്‍ഫ്യൂമുകളും ഉണ്ടാക്കുന്നു. ഇവ കൂടാതെ, റോസ്മേരി, ക്ലാരി സേജ്, പുതിന, കാമോമൈൽ തുടങ്ങിയ ഔഷധസസ്യങ്ങളും ഫാമില്‍ വളര്‍ത്തുന്നു. വിളവെടുപ്പിനു മുന്‍പായി, നിറയെ പൂക്കള്‍ വിരിഞ്ഞു നില്‍ക്കുന്ന സമയത്ത് ഇവിടം പൊതുജനങ്ങൾക്കായി തുറന്നിരിക്കും. വർഷത്തിൽ അഞ്ച് ആഴ്ച മാത്രം ഇത് എല്ലാ ദിവസവും പ്രവർത്തിക്കുന്നു, ഓഗസ്റ്റ് കഴിഞ്ഞാല്‍ പിന്നെ സന്ദര്‍ശനം ബുദ്ധിമുട്ടാണ്. പ്രവൃത്തിദിവസങ്ങളിൽ രാവിലെ 11 മുതൽ വൈകിട്ട് 5 വരെയും വാരാന്ത്യങ്ങളിൽ രാവിലെ 10 മുതൽ വൈകിട്ട് 5 വരെയുമാണ് സന്ദര്‍ശകരെ അനുവദിക്കുന്ന സമയം, ഓരോ മണിക്കൂറിലും പരിമിതമായ എണ്ണം സന്ദര്‍ശകരെ മാത്രമേ അനുവദിക്കൂ.
വടക്കിന്‍റെ ആതൻസ്
പതിനഞ്ചാം നൂറ്റാണ്ടു മുതല്‍, സ്കോട്ട്‌ലാന്റിന്‍റെ തലസ്ഥാനമാണ് എഡിന്‍ബറോ. ഗ്ലാസ്ഗോയ്ക്ക് പിന്നിലായി രാജ്യത്തെ രണ്ടാമത്തെ ഏറ്റവും വലിയ നഗരവും യുകെയിലെ ഏഴാമത്തെ വലിയ നഗരവുമാണ് ഇത്.
നവോത്ഥാനത്തിന്‍റെ പ്രധാന കേന്ദ്രങ്ങളിലൊന്നായിരുന്നു എഡിന്‍ബറോ. എഡിന്‍ബറോ സർവകലാശാലയായിരുന്നു ഇവിടുത്തെ നവോത്ഥാനത്തിന് നേതൃത്വം വഹിച്ചത്. “വടക്കിന്‍റെ ആതൻസ്” എന്നൊരു വിളിപ്പേര് നഗരത്തിന് ലഭിക്കാൻ ഇത് കാരണമായി. എഡിന്‍ബറോയിലെ ഓൾഡ് ടൗൺ, ന്യൂ ടൗൺ ജില്ലകളെ 1995 ൽ യുനെസ്കോ ലോക പൈതൃക കേന്ദ്രങ്ങളായി പ്രഖ്യാപിച്ചിരുന്നു.
എഡിന്‍ബറോയിൽ വർഷം തോറും നടക്കുന്ന എഡിന്‍ബറോ ഫെസ്റ്റിവൽ വളരെ പ്രസിദ്ധമാണ്. വർഷം തോറും നടത്തപ്പെടുന്ന, ഔദ്യോഗികവും അല്ലാത്തതുമായ ഒരു കൂട്ടം ആഘോഷങ്ങൾ ചേർന്നതാണ് ഈ ഉത്സവം. എഡിന്‍ബറോ ഫ്രിഞ്ച്, ദ എഡിന്‍ബറോ ഇന്റർനാഷണൽ ഫെസ്റ്റിവൽ, ദ എഡിന്‍ബറോ മിലിറ്ററി റ്റാറ്റൂ, എഡിന്‍ബറോ രാജ്യാന്തര ചലച്ചിത്രമേള, എഡിന്‍ബറോ രാജ്യാന്തര പുസ്തകമേള എന്നിവയെല്ലാം ഇതില്‍ ഉള്‍പ്പെടുന്നു.
കൂടാതെ, യൂറോപ്പിലെ പ്രധാനപ്പെട്ട വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ ഒന്നാണിത്. ലണ്ടനു പിന്നിലായി, ഏറ്റവും കൂടുതൽ വിനോദ സഞ്ചാരികൾ സന്ദർശിക്കുന്ന യുകെയിലെ നഗരമാണിത്. 1.3 കോടി വിനോദ സഞ്ചാരികളാണ് വർഷം തോറും എഡിന്‍ബറോ നഗരത്തിലെത്തുന്നത്. നഗരത്തിന്റെ സമ്പദ്‌വ്യവസ്ഥയിലെ ഒരു പ്രധാന ഘടകമാണ് ടൂറിസം. ഒരു ലോക പൈതൃക സ്ഥലങ്ങളായ ഓൾഡ് ടൗൺ, ന്യൂ ടൗൺ, എഡിന്‍ബറോ കാസിൽ, ഹോളിറൂഡ് ഹൗസ് കൊട്ടാരം, തുടങ്ങിയ ചരിത്ര സ്ഥലങ്ങൾ വര്‍ഷം തോറും ലക്ഷക്കണക്കിന് വിനോദസഞ്ചാരികൾ സന്ദർശിക്കുന്നു.