മലയാളത്തിന്റെ നടന വിസ്മയം; 64ൻരെ നിറവിൽ മലയാളത്തിന്റെ സ്വന്തം ലാലേട്ടൻ; ആശംസകൾ നേർന്ന് കേരളക്കര
മലയാളത്തിന്റെ സ്വന്തം ലാലേട്ടൻ ഇന്ന് 64ന്റെ നിറവിൽ. തലമുറകള്‍ മാറി മാറി വന്നാലും മലയാളികളുടെ ആഘോഷമാണ് മോഹന്‍ലാല്‍ എന്ന നടന്‍. കുസൃതി നിറഞ്ഞ ചിരിയും ഒരുവശം ചരിഞ്ഞ തോളുമായി മോഹന്‍ലാല്‍ കേരളക്കരയുടെ മനസ്സില്‍ ചേക്കേറിയിട്ട് വര്‍ഷങ്ങള്‍.
ചിരിപ്പിച്ചും ചിന്തിപ്പിച്ചും കരയിച്ചും മോഹന്‍ലാല്‍ എന്ന നടവിസ്മയും തിരശ്ശീലയില്‍ ആടിത്തീര്‍ത്തത് എത്രയോ മികച്ച കഥാപാത്രങ്ങള്‍. ഇനിയും ചെയ്യാനിരിക്കുന്നത് അതിലേറെ മികച്ച വേഷങ്ങള്‍.
1960 മേയ് 21ന് പത്തനംതിട്ടയില്‍ വിശ്വനാഥന്‍ നായരുടെയും ശാന്താകുമാരിയുടെയും രണ്ടാമത്തെ മകനായി ജനിച്ച മോഹന്‍ലാല്‍ ഇന്ന് കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ക്ക് വരെ ലാലേട്ടനാണ്. തിരുവനന്തപുരം മുടവന്‍മുകള്‍ എന്ന സ്ഥലത്തെ തറവാട്ടു വീട്ടിലായിരുന്നു മോഹന്‍ലാലിന്റെ കുട്ടിക്കാലം. തിരുവനന്തപുരത്തെ മോഡല്‍ സ്‌കൂളില്‍ പ്രാഥമിക വിദ്യാഭ്യാസം കഴിഞ്ഞ മോഹന്‍ലാല്‍ തിരുവനന്തപുരം എംജി കോളേജില്‍ നിന്നു ബികോം ബിരുദം നേടി. സ്‌കൂള്‍ പഠനകാലത്ത് മികച്ച നാടകനടനുള്ള പുരസ്‌ക്കാരങ്ങള്‍ നേടിയ ലാല്‍ കോളേജിലെത്തിയതോടെയാണ് സിനിമയുമായി ചങ്ങാത്തത്തിലാകുന്നത്.
സുഹൃത്തുക്കളായ പ്രിയദര്‍ശന്‍, സുരേഷ്‌കുമാര്‍ എന്നിവരുമായി ചേര്‍ന്ന് ഭാരത് സിനി ഗ്രൂപ്പ് എന്ന കമ്പനി സ്ഥാപിച്ച മോഹന്‍ലാല്‍, 1978 സെപ്റ്റംബര്‍ മൂന്നിന് ‘തിരനോട്ടം’ എന്ന സിനിമയിലൂടെയാണ് വെള്ളിത്തിരയില്‍ അരങ്ങേറുന്നത്. എന്നാല്‍ ഈ സിനിമ പുറത്തിറങ്ങിയില്ല. ശേഷം ഫാസില്‍ സംവിധാനം ചെയ്ത മഞ്ഞില്‍വിരിഞ്ഞ പൂക്കളിലൂടെ മോഹന്‍ലാല്‍ എന്ന അതുല്യ പ്രതിഭയുടെ മുഖം ബിഗ് സ്‌ക്രീനില്‍ തെളിഞ്ഞു. ചിത്രത്തില്‍ വില്ലന്‍ കഥാപാത്രമായി എത്തിയ മോഹന്‍ലാല്‍ പ്രേക്ഷക ശ്രദ്ധനേടി. പിന്നീട് നായകനും സഹനടനും വില്ലനുമായി വെള്ളിത്തിരയില്‍ അദ്ദേഹം നിറഞ്ഞ് നിന്നു. തമ്പി കണ്ണന്താനത്തിന്റെ രാജാവിന്റെ മകന്‍ എന്ന ചിത്രത്തിലൂടെയാണ് മോഹന്‍ലാല്‍ സൂപ്പര്‍താര പദവിയിലേക്ക് ഉയരുന്നത്.
പിന്നീട് എത്രയോ മികച്ച കഥാപത്രങ്ങള്‍. ലാലിന്റെ കഥാപാത്രങ്ങള്‍ എടുത്തെടുത്ത് പറഞ്ഞുപരിചയം പുതുക്കേണ്ടതില്ല മലയാളികള്‍ക്ക്. ഓരോ കഥാപാത്രങ്ങളും മന:പാഠമാണ് ഓരോ മലയാളികള്‍ക്കും. വില്ലനായും കോമാളിയായും രക്ഷകനായും മോഹന്‍ലാല്‍ വെള്ളിത്തിരയില്‍ നടത്തിയ പകര്‍ന്നാട്ടങ്ങള്‍ സ്വന്തമെന്ന പോലെ ചിരപരിചിതരാണ് നമുക്ക്.മോഹന്‍ലാല്‍ എന്ന സൂപ്പര്‍ താരത്തെ ലാലേട്ടന്‍ എന്ന് മലയാളികള്‍ ഒരേ സ്വരത്തില്‍ വിളിച്ചു. മലയാളത്തിന് പുറമെ അന്യഭാഷാ ചിത്രങ്ങളിലും മോഹന്‍ലാല്‍ നിറഞ്ഞാടി.
രാംഗോപാല്‍ വര്‍മ സംവിധാനം ചെയ്ത ‘കമ്പനി’, മണിരത്നം ഒരുക്കിയ ‘ഇരുവര്‍’ തുടങ്ങിയവയാണ് മോഹന്‍ലാലിന്റെ ശ്രദ്ധേയമായ അന്യഭാഷ ചിത്രങ്ങള്‍. ‘ഇരുവറി’ല്‍ ആനന്ദന്‍ എന്ന കഥാപാത്രമായി മോഹന്‍ലാല്‍ നിറഞ്ഞാടിയപ്പോള്‍ അത് മലയാളികള്‍ക്കും അഭിമാനമായി മാറി. നടനായി മാത്രമല്ല ഗായകന്‍,നിര്‍മ്മാതാവ്, സംവിധായകന്‍ എന്നി നിലകളിലൊക്കെ നമ്മളെ ഏവരെയും അമ്പരപ്പിച്ച നടന്‍. മലയാളിയുടെ സ്വകാര്യ അഹങ്കാരമായ മോഹന്‍ലാലിനെ പത്മശ്രീ നല്‍കി രാജ്യം ആദരിച്ചു. ലഫ്റ്റനന്റ് കേണലുമായി.
രണ്ടുതവണ മികച്ച നടനുള്ള ദേശീയ അവാര്‍ഡും ഒമ്പത് തവണ സംസ്ഥാന അവാര്‍ഡും ലാല്‍ കരസ്ഥമാക്കി. ഇവയ്‌ക്കൊപ്പം എണ്ണത്തില്‍ ഏറെയുള്ള മറ്റു പുരസ്‌കാരങ്ങളും എത്തിയപ്പോഴും ലാല്‍ അഭിനയത്തിനോടുള്ള അഭിനിവേശം കൈവിടാതെ മുന്നോട്ട് കൊണ്ടുപോയി. നാല് പതിറ്റാണ്ടുകള്‍ നീണ്ട അഭിനയ ജീവിതത്തില്‍ മോഹന്‍ലാല്‍ എന്ന പേര് വലിയൊരു ബ്രാന്‍ഡായി മാറി കഴിഞ്ഞു. ബോക്‌സ് ഓഫീസുകളിലും മോഹന്‍ലാല്‍ തരംഗം സൃഷ്ടിച്ചു. ആദ്യമായി 100 കോടി ക്ലബില്‍ ഇടം നേടുന്ന മലയാള സിനിമ മോഹന്‍ലാലിന്റെ പുലിമുരുകനാണ്. ഇനിയും വരാനിരിക്കുന്നത് അഭ്രപാളികളില്‍ പ്രകമ്പനം സൃഷ്ടിക്കാന്‍ ഉതകുന്ന സിനിമകളാണ്. കാത്തിരിക്കാം ഇനിയും അഭ്രപാളികളില്‍ മിന്നും പ്രകടനമായി കാത്തിരിക്കാം.