മഹാരാഷ്ട്രയിൽ പോലീസുമായുള്ള ഏറ്റുമുട്ടലിൽ 3 മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു; ആയുധങ്ങൾ പിടിച്ചെടുത്തു
മഹാരാഷ്ട്ര: മഹാരാഷ്ട്രയിലെ ഗഡ്ചിരോലി ജില്ലയിൽ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലിൽ രണ്ട് സ്ത്രീകളടക്കം മൂന്ന് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടതായി പോലീസ് അറിയിച്ചു. 3 ഓട്ടോമാറ്റിക് ആയുധങ്ങൾ, ഒരു എകെ 47, ഒരു കാർബൈൻ, ഒരു ഇൻസാസ് എന്നിവയുൾപ്പെടെയുള്ള ആയുധങ്ങൾ, മാവോയിസ്റ്റ് സാഹിത്യങ്ങളും വസ്തുക്കളും ഇവരിൽ നിന്ന് കണ്ടെടുത്തു. ഭമ്രഗഡ് താലൂക്കിലെ കട്രംഗട്ട ഗ്രാമത്തിന് സമീപമുള്ള വനമേഖലയിൽ പെരിമിലി ദളത്തിലെ ചില അംഗങ്ങൾ ക്യാമ്പ് ചെയ്യുന്നതായി ഗഡ്ചിരോളി പോലീസിന് വിവരം ലഭിച്ചിരുന്നു.
വിവരത്തിൻ്റെ അടിസ്ഥാനത്തിൽ, ഗഡ്ചിറോളി പോലീസിൻ്റെ പ്രത്യേക എൻകൗണ്ടർ വിഭാഗമായ ആൻ്റി മാവോയിസ്റ്റ് സി -60 സ്ക്വാഡിൻ്റെ രണ്ട് യൂണിറ്റുകളെ ഉടൻ തന്നെ പ്രദേശത്ത് തിരച്ചിലിനായി അയച്ചു. സംഘം തിരച്ചിൽ നടത്തുന്നതിനിടെ, മാവോയിസ്റ്റുകൾ അവർക്ക് നേരെ വെടിയുതിർത്തു. ഇതിന് സി -60 ജവാൻമാർ ശക്തമായി തിരിച്ചടിച്ചു.
വർദ്ധിച്ചുവരുന്ന പോലീസ് സമ്മർദ്ദം കണ്ട മാവോയിസ്റ്റുകൾ നിബിഡ വനത്തിലേക്ക് പലായനം ചെയ്തു. വേടിവെയ്പ്പിനു ശേഷം പ്രദേശത്ത് തിരച്ചിൽ നടത്തുകയും ഒരു പുരുഷൻ്റെയും രണ്ട് സ്ത്രീ മാവോയിസ്റ്റുകളുടെയും മൃതദേഹങ്ങൾ സംഭവസ്ഥലത്ത് നിന്ന് കണ്ടെടുക്കുകയും ചെയ്തു.
അംഗങ്ങളായ വാസു സമർ കോർച്ച (പെരിമിലി ദളത്തിൻ്റെ കമാൻഡർ), രേഷ്മ മഡ്കം (25), കമല മാധവി (24) എന്നിവരെ തിരിച്ചറിഞ്ഞു.
കൊലപാതകം, ഏറ്റുമുട്ടൽ, കൊള്ളയടിക്കൽ തുടങ്ങിയ കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടവരാണ് മൂവരും. മഹാരാഷ്ട്ര സർക്കാർ ഇവർക്ക് 22 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.