‘ആ സമയം ഇനി പാഴാക്കണ്ടല്ലോ, ഒരു ജീവിതപങ്കാളിയെ തന്നെ കണ്ടുപിടിക്കാം’; ചെന്നൈ വിമാനത്താവളത്തിൽ മാട്രിമോണിയും
എയർപോർട്ടുകളിൽ നിങ്ങൾ ഡ്യൂട്ടി ഫ്രീ സ്റ്റോറുകൾ കണ്ടിരിക്കും. ചോക്ലേറ്റ്, പെർഫ്യൂം, സൗന്ദര്യവർദ്ധക വസ്തുക്കൾ, ഇലക്‌ട്രോണിക്‌സ്, വസ്ത്രങ്ങൾ എന്നിവയെല്ലാം അവിടെ നിന്ന് വാങ്ങാൻ സാധിക്കും. എന്നാൽ ചെന്നൈ വിമാനത്താവളത്തിൽ പോയാൽ പുതിയൊരു സ്റ്റോർ നിങ്ങളുടെ കണ്ണിലുടക്കും, ഒരു മാട്രിമോണി സ്റ്റോർ.
വളരെ രസകരമായാണ് സോഷ്യൽ മീഡിയാ ഉപയോക്താക്കളിൽ പലരും ഈ പോസ്റ്റിനോട് പ്രതികരിച്ചത്. എന്തായാലും എയർപോർട്ടിൽ ചെന്നാൽ കുറച്ചു സമയം കാത്തിരിക്കണം, ആ സമയം ഇനി പാഴാക്കണ്ടല്ലോ നേരെ മാട്രിമോണി സ്റ്റോറിൽ പോയാൽ ഒരു ജീവിതപങ്കാളിയെ തന്നെ കണ്ടുപിടിക്കാം എന്നായിരുന്നു ഒരു വ്യക്തിയുടെ രസകരമായ അഭിപ്രായപ്രകടനം. “അവർ ലവ് ഈസ് ഇൻ ദ എയർ ലിറ്ററൽ ” എന്നായിരുന്നു മറ്റൊരാൾ കുറിച്ചത്. ലാൻഡ് ചെയ്താൽ ഉടൻ തന്നെ വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നവർക്ക് മാട്രിമോണി സ്റ്റോറിന്റെ സഹായം തേടാമെന്നും ചിലർ കുറിച്ചു.
മാട്രിമോണി സ്റ്റോറിന് എന്താ എയർപോർട്ടിൽ കാര്യമെന്ന് ചോദിക്കാൻ വരട്ടെ, കാരണം കാര്യമുണ്ടെന്നാണ് ചെന്നൈ എയർപോർട്ടിലെ ഭാരത് മാട്രിമോണിയുടെ വക്താക്കൾ പറയുന്നത്. ഭാരത് മാട്രിമോണി സ്റ്റോറിന് തുടക്കം കുറിച്ചതോടെ ചെന്നൈ വിമാനത്താവളം എയർപോർട്ട് ഷോപ്പിംഗ് എന്ന ആശയം തികച്ചും പുതിയ തലത്തിലേക്ക് ഉയർത്തിയിരിക്കുകയാണ്. എയർപോർട്ടിൽ നിന്നുള്ള ഭാരത് മാട്രിമോണിയുടെ ചിത്രം സാമൂഹികമാധ്യമങ്ങളിൽ പ്രചരിച്ചതോടെ അല്പം വ്യത്യസ്തമായ ഈ കൂടിച്ചേരൽ ഇൻറർനെറ്റ് ഉപഭോക്താക്കൾക്കിടയിലും ആശ്ചര്യം സൃഷ്ടിച്ചിരിക്കുകയാണ്.