പാരീസിൽ ഇന്ത്യയ്ക്ക് ആദ്യ മെഡൽ; ഷൂട്ടിംഗിൽ വെങ്കലം നേടി മനു ഭാക്കർ
പാരിസ്: പാരീസ് ഒളിമ്പിക്സിൽ ഇന്ത്യയ്ക്ക് ആദ്യ മെഡൽ. വനിതകളുടെ 10 മീറ്റർ എയർ പിസ്റ്റളിൽ ഇന്ത്യയുടെ മനു ഭാക്കർ വെങ്കലമെഡൽ സ്വന്തമാക്കി. നേരിയ പോയിന്റിന്റെ വ്യത്യാസത്തിലാണ് താരത്തിന് വെള്ളി നഷ്ടമായത്. യോഗ്യതാ റൗണ്ടില്‍ മൂന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്താണ് ഫൈനലിന് യോഗ്യത നേടിയിരുന്നത്. ആദ്യമായിട്ടാണ് ഷൂട്ടിംഗില്‍ ഒരു ഇന്ത്യന്‍ വനിത ഒളിംപിക്സ് മെഡല്‍ നേടുന്നത്. ഷൂട്ടിംഗില്‍ 12 വര്‍ഷത്തെ മെഡല്‍വരള്‍ച്ചയ്ക്കാണ് ഭാകര്‍ വിരാമമിട്ടത്. കൊറിയക്കാണ് ഒന്നും രണ്ടും സ്ഥാനം.
കൗമാരത്തിൽ തന്നെ ഇന്ത്യയുടെ ഷൂട്ടിംഗ് താരോദയമായി മനു ഭാക്കർ ഉയർന്നിരുന്നു. 2017-ലെ ദേശീയ ഷൂട്ടിംഗ് ചാമ്പ്യൻഷിപ്പിൽ ഒളിമ്പ്യനും മുൻ ലോക ഒന്നാം നമ്പർ താരവുമായ ഹീനാ സിദ്ധുവിനെ ഞെട്ടിച്ചാണ് ഭാക്കർ ഷൂട്ടിംഗ് രംഗത്ത് വരവറിയിക്കുന്നത്. 2017-ലെ ഏഷ്യൻ ജൂനിയർ ചാമ്പ്യൻഷിപ്പിൽ വെള്ളി മെഡൽ നേടി. പിന്നീട് മെക്സികോയിൽ നടന്ന ഐഎസ്എസ്എഫ് ലോക ചാമ്പ്യൻഷിപ്പിൽ അരങ്ങേറ്റത്തിൽ തന്നെ സ്വർണം. ഐഎസ്എസ്എഫ് ചാമ്പ്യൻഷിപ്പിൽ സ്വർണം നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യൻ താരമെന്ന നേട്ടവും ഭാക്കർ സ്വന്തമാക്കി. 2018-ലെ കോമൺവെൽത്ത് ഗെയിംസിലും സ്വർണത്തിളക്കം. 2018-ൽ അർജന്റീനയിൽ നടന്ന യൂത്ത് ഒളിമ്പിക്സിലും മനു ഭാക്കർ ചരിത്രം സൃഷ്ടിച്ചു.10 മീറ്റർ എയർ പിസ്റ്റളിൽ സ്വർണം നേടുന്ന ആദ്യ ഇന്ത്യൻ ഷൂട്ടറും രാജ്യത്ത് നിന്നുള്ള ആദ്യ വനിതാ അത്ലറ്റുമായി ചരിത്രം സൃഷ്ടിച്ചു. പിന്നീട് തുടർച്ചയായി ഐഎസ്എസ്എഫ് വേദികളിൽ താരം മെഡൽ വാരിക്കൂട്ടി.
മെഡൽ പ്രതീക്ഷകളുമായി ടോക്കിയോ ഒളിമ്പിക്സിന് ഇറങ്ങിയെങ്കിലും ഫൈനൽ കാണാതെ മടങ്ങി. 2022-ലെ ഏഷ്യൻ ഗെയിംസിലും 25 മീറ്റർ പിസ്റ്റൾ വിഭാഗത്തിൽ മനു ഭാക്കർ സ്വർണം നേടിയിരുന്നു. കഴിഞ്ഞ വർഷം നടന്ന ലോക ചാമ്പ്യൻഷിപ്പിലും 25 മീറ്റർ പിസ്റ്റൾ വിഭാഗത്തിൽ സ്വർണം നേടി. ഷൂട്ടിംഗിൽ 12 വർഷത്തെ മെഡൽ വരൾച്ച അവസാനിപ്പിക്കാൻ മനു ഭാക്കറിനു സാധിച്ചു.