മഞ്ഞുമ്മല്‍ ബോയ്‌സ്’ നിര്‍മ്മാതാക്കള്‍ക്കെതിരായ വഞ്ചനാക്കേസ്; തുടർ നടപടികൾക്ക് ഒരു മാസത്തെ സ്റ്റേ
കൊച്ചി∙ ‘മഞ്ഞുമ്മൽ ബോയ്സ്’ സിനിമയുടെ ലാഭവിഹിതം പങ്കുവയ്ക്കുന്നതുമായി ബന്ധപ്പെട്ട കേസിലെ തുടർനടപടികൾ ഒരു മാസത്തേക്കു സ്റ്റേ ചെയ്ത് ഹൈക്കോടതി. ചിത്രത്തിന്റെ നിർമാതാക്കളായ സൗബിന്‍ ഷാഹിർ, ഷോണ്‍ ആന്റണി എന്നിവർ നൽകിയ ഹർജിയിലാണ് ജസ്റ്റിസ് വിജു അബ്രഹാമിന്റെ ഇടക്കാല ഉത്തരവ്. നേരത്തെ കേസ് പരിഗണിച്ചപ്പോൾ ഇവരെ അറസ്റ്റ് ചെയ്യരുതെന്ന് ഹൈക്കോടതി നിർദേശിച്ചിരുന്നു.
ചിത്രത്തിന്റെ നിർമാതാക്കളായ പറവ ഫിലിംസിന്റെ ബാങ്ക് അക്കൗണ്ട് മരവിപ്പിക്കുകയും നിർമാതാക്കൾക്കെതിരെ കേസെടുക്കാനും എറണാകുളം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് നിര്‍ദശിച്ചത്. തുടർന്ന് എറണാകുളം മരട് പൊലീസ് ഷോൺ ആന്റണി, സൗബിൻ ഷാഹിർ, പിതാവ് ബാബു ഷാഹിർ എന്നിവർക്കെതിരെ കേസ് റജിസ്റ്റർ ചെയ്തു. തുടർന്നാണ് പ്രതികൾ ഹൈക്കോടതിയെ സമീപിച്ചത്. അടുത്ത ഒരു മാസത്തേക്കു കേസിൽ നടപടികളൊന്നും പാടില്ല എന്നാണ് കോടതി നിർദേശം. കേസ് വീണ്ടും 10 ദിവസം കഴിഞ്ഞു പരിഗണിക്കും.
ആലപ്പുഴ അരൂർ സ്വദേശിയായ സിറാജ് വലിയവീട്ടിൽ ഹമീദ് എന്നയാളാണു പരാതിക്കാരൻ. താൻ ഏഴു കോടി രൂപ ചിത്രത്തിന്റെ നിർമാണത്തിനായി നിക്ഷേപിച്ചു എന്നും എന്നാൽ ചിത്രത്തിന്റെ ലാഭവിഹിതവും മുടക്കുമുതലും നൽകാതെ പറവ ഫിലിംസുമായി ബന്ധപ്പെട്ടവർ വഞ്ചിച്ചു എന്നായിരുന്നു പരാതി. തുടർന്ന് ക്രിമിനൽ ഗൂഢാലോചന, വിശ്വാസ വഞ്ചന തുടങ്ങിയ കുറ്റങ്ങളിലായി ഐപിസി 120 ബി, 406, 420, 468, 34 വകുപ്പുകൾ ചുമത്തി സൗബിനും മറ്റുള്ളവർക്കുമെതിരെ കേസെടുക്കുകയായിരുന്നു. ചില ഓൺലൈൻ മാധ്യമങ്ങളാണു ചിത്രം 250 കോടി രൂപ നേടി എന്ന് റിപ്പോർട്ട് ചെയ്തതും ഇതിന്റെ അടിസ്ഥാനത്തില്‍ സിറാജ് വലിയ തുക ആവശ്യപ്പെടുകയായിരുന്നു എന്നുമാണ് പറവ ഫിലിംസിന്റെ വാദം. നടീനടന്മാർക്കും സാങ്കേതികവിദഗ്ധർക്കുമൊക്കെ പണം നൽകാനുണ്ട്. ചിത്രത്തിന്റെ വരവു ചെലവുകൾ കണക്കാക്കിയതിനുശേഷം കരാർ അനുസരിച്ചുള്ള ലാഭവിഹിതം നൽകാമെന്നു തങ്ങള്‍ അറിയിച്ചതാണെന്നും ഇവർ പറയുന്നു. മാത്രമല്ല, വാഗ്ദാനം ചെയ്ത നിക്ഷേപം സമയത്തിനു ലഭിക്കാത്തതു മൂലം പടത്തിന്റെ നിർമാണം പലപ്പോഴും വൈകിയെന്നും സൗബിനും കൂട്ടരും ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.
മാത്രമല്ല, ഇത് സിവിൽ വിഷയമായിട്ടും ക്രിമിനൽ കേസുമായി സിറാജ് കോടതിയെ സമീപിച്ചതിനു പിന്നിൽ തങ്ങൾക്കുമേൽ സമ്മർദ്ദം ചെലുത്തുകയും പബ്ലിസിറ്റിയുമായിരുന്നു ലക്ഷ്യമെന്നും ഹര്‍ജിയിൽ പറയുന്നു.