മണിപ്പൂരിൽ സ്കൂളിലേക്ക് പോയ 12കാരിയെ കമ്പികൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തി; 47കാരൻ അറസ്റ്റിൽ
ഇംഫാൽ: മണിപ്പൂരിലെ തൗബാൽ ജില്ലയിൽ 12 വയസ്സുള്ള പെൺകുട്ടിയെ 47കാരൻ തല്ലിക്കൊന്നു. ആക്രമണത്തിന് പിന്നിലെ കാരണം വ്യക്തമായിട്ടില്ലെന്ന് പൊലീസ് പറയുന്നു. സപം ശരത് സിങ് എന്നയാളാണ് പ്രതി.
രാവിലെ ഖോങ്‌ജോം പോലീസ് സ്റ്റേഷന് കീഴിലെ സപം സബൽ ഗ്രാമത്തിലെ വിശാൽ അക്കാദമി സപം ജെസിക്ക ദേവി സ്കൂളിലേക്ക് പോകുകയായിരുന്നു പെൺകുട്ടി. വഴിയരികിൽ നിൽക്കുകയായിരുന്ന പ്രതി പെട്ടെന്ന് ഇരുമ്പ് വടിയെടുത്ത് പെൺകുട്ടിയെ ആക്രമിക്കുകയായിരുന്നു. തലയിൽ നിന്ന് രക്തം വാർന്നൊഴുകുന്ന നിലയിൽ പെൺകുട്ടിയെ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണത്തിന് കീഴടങ്ങി.
സപം ശരത് സിങ്ങിനെ വഴിയാത്രക്കാർ പിടികൂടി പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു. ആറാം ക്ലാസ് വിദ്യാർഥിനിയായിരുന്നു കൊല്ലപ്പെട്ട പെൺകുട്ടി.
സംഭവത്തെ തുടർന്ന് നാട്ടുകാർ സംയുക്ത കർമസമിതി രൂപീകരിച്ച് യോഗം ചേർന്നു. പ്രതിക്ക് വധശിക്ഷ നൽകണമെന്നുൾപ്പെടെ പ്രമേയം പാസാക്കി. പ്രതികളുടെ കുടുംബവും ബന്ധുക്കളും പ്രദേശം വിട്ടുപൊകണമെന്നും ആവശ്യപ്പെട്ടു.