സാപ്പീ മോനേ ഇപ്പോഴും കണ്ണിലിരിക്കുന്നെടാ’; വികാരഭരിതനായി മമ്മൂട്ടി
നടൻ സിദ്ധിഖിന്റെ മകൻ റാഷിന്റെ വിയോഗത്തിൽ വികാരഭരിതനായി നടൻ മമ്മൂട്ടി. ഫേസ്ബുക്ക് അക്കൗണ്ടിലൂടെ ഹൃദസസ്പർശിയായ ഒറ്റവരി കുറിപ്പും മമ്മൂട്ടി പങ്കുവച്ചു. ഇന്ന് രാവിലെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു സാപ്പി എന്നു വിളിക്കുന്ന റാഷിൻ മരണപ്പെട്ടത്. ശ്വാസ തടസ്സത്തെ തുടർന്ന് ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്
നിലവിൽ കുടുംബത്തോടൊപ്പം ലണ്ടനിലായതിനാൽ മരണാനന്തര ചടങ്ങുകളിൽ പങ്കെടുക്കാൻ മമ്മൂട്ടിക്ക് സാധിച്ചില്ല. ഇതോടെയാണ് ഫേസ്ബുക്കിലൂടെ മമ്മൂട്ടി സഹപ്രവർത്തകന്റെ ദുഖത്തിൽ പങ്കുചേർന്നത്. “സാപ്പീ മോനെ ഇപ്പോഴും കണ്ണിലിരിക്കുന്നെടാ” എന്നാണ് മമ്മൂട്ടിയുടെ കുറിപ്പ്. റാഷിൻ സിദ്ധിക്കിന് ഒപ്പം നിൽക്കുന്ന ചിത്രവും മമ്മൂട്ടി ഷെയർ ചെയ്തിട്ടുണ്ട്.
സിദ്ദിഖിൻ്റെ ആദ്യ ഭാര്യയിലുള്ള മകനാണ് റാഷിൻ. ഭിന്നശേഷിക്കാരനായ മകനെ പറ്റിയുള്ള വിവരങ്ങളൊന്നും നടന്‍ പുറംലോകത്തോട് പറഞ്ഞിരുന്നില്ല. രണ്ട് വര്‍ഷം മുന്‍പ് സിദ്ദിഖിന്റെ ഇളയമകന്‍ ഷഹീന്റെ വിവാഹത്തിനാണ് റാഷിൻ്റെ വീഡിയോയും പ്രചരിച്ചത്.
ചടങ്ങുകളിലും മറ്റ് പരിപാടികളിലും ഏറ്റവുമധികം ശ്രദ്ധിക്കപ്പെട്ടതും സാപ്പിയായിരുന്നു. അടുത്തിടെ മകന്റെ പിറന്നാള്‍ ആഘോഷത്തില്‍ നിന്നുള്ള ചിത്രങ്ങളും വിഡിയോകളുമെല്ലാം സിദ്ദീഖ് സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തിരുന്നു. കുടുംബത്തിലെ ചടങ്ങുകളിലെല്ലാം സജീവ സാന്നിധ്യമായിരുന്നു സാപ്പി.