മലയാളി യുവതി കാനഡയിൽ വീടിനുള്ളിൽ മരിച്ച സംഭവം; ഭർത്താവ് ഇന്ത്യയിലെത്തിയതായി സൂചന
തൃശൂർ ∙ മലയാളി യുവതി കാനഡയിൽ വീടിനുള്ളിൽ മരിച്ച സംഭവത്തിൽ ഭർത്താവ് ഇന്ത്യയിലെത്തിയതായി സൂചന. പാലസ് റോഡിൽ പടിക്കല സാജന്റെയും ഫ്ലോറയുടെയും മകൾ ഡോണയാണ് (30) ഒരാഴ്ച മുൻപു മരിച്ചത്. ഭർത്താവ് കുറ്റിച്ചിറ കണ്ണമ്പുഴ ലാൽ കെ.പൗലോസ് ഇന്ത്യയിലേക്കു പോന്നെന്നും ഡൽഹി എയർപോർട്ടിൽ എത്തിയെന്നും അന്വേഷണ ഉദ്യോഗസ്ഥർക്കു വിവരം ലഭിച്ചു.
പൂട്ടിക്കിടന്ന വീട് കുത്തിത്തുറന്ന് അകത്തുകയറിയാണു ഡോണയുടെ മൃതദേഹം പൊലീസ് കണ്ടെടുത്തത്. 16നാണ് കാനഡയിലുള്ള ബന്ധുക്കൾക്കു മൃതദേഹം കാണാൻ അനുമതി ലഭിച്ചത്.
മരണത്തിൽ ദുരൂഹതയുണ്ടെന്ന നിലയിൽ കാനഡ പൊലീസ് അന്വേഷണം ആരംഭിക്കുകയായിരുന്നു. ഡോണയുടെ ബന്ധുക്കൾ കേരള ഡിജിപിക്കും റൂറൽ ജില്ലാ പൊലീസ് മേധാവിക്കും പരാതി നൽകിയിരുന്നു. 3 വർഷം മുൻപായിരുന്നു ഡോണയുടെയും ലാലിന്റെയും വിവാഹം. മൃതദേഹം നാട്ടിലെത്തിക്കാൻ ശ്രമിച്ചുവരികയാണെന്നു ഡോണയുടെ പിതാവ് സാജൻ പടിക്കല അറിയിച്ചു.