എസ്.പിയുടെ ഔദ്യോ​ഗിക വസതിയിലെ മരം മുറിച്ച ശേഷം അപേക്ഷ എഴുതി വാങ്ങി; നിർണായക വെളിപ്പെടുത്തലുമായി അയൽവാസി

 എസ്.പിയുടെ ഔദ്യോ​ഗിക വസതിയിലെ മരം മുറിച്ച ശേഷം അപേക്ഷ എഴുതി വാങ്ങി; നിർണായക വെളിപ്പെടുത്തലുമായി അയൽവാസി

മലപ്പുറം: മലപ്പുറം എസ്‍പിയുടെ ഔദ്യോഗിക വസതിയിലെ മരംമുറി വിവാദം കത്തുന്നതിനിടെ പൊലീസിനെ വെട്ടിലാക്കി പുതിയ വെളിപ്പെടുത്തൽ. എസ്‍പിയുടെ ഔദ്യോഗിക വസതിക്ക് സമീപം താമസിക്കുന്ന ഫരീദയാണ് എസ്.പിയായിരുന്ന സുജിത്ത് ദാസിന് കുരുക്കാകുന്ന വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നത്. എസ് പി ഓഫീസ് വളപ്പിലെ മരം മുറിച്ചതിന് ശേഷമാണ് മരം തന്റെ വീടിന് ഭീഷണിയാണെന്ന് ചൂണ്ടിക്കാട്ടിയുള്ള പരാതി പൊലീസ് എഴുതി വാങ്ങിയതെന്ന് ഫരീ​ദ വ്യക്തമാക്കി.

വർഷങ്ങളായി മലപ്പുറം എസ്‍പിയുടെ ക്യാമ്പ് ഓഫീസിന് സമീപമാണ് താമസിക്കുന്നതെന്ന് ഫരീദ മാധ്യമങ്ങളോട് പറഞ്ഞു. ആദ്യം വീടിന് ഭീഷണിയുണ്ടായിരുന്നു. ആ സമയത്ത് അബ്ദുൾ കരീമായിരുന്നു എസ്‍പി. അപ്പോൾ അപേക്ഷ നൽകിയിട്ടും മരം മുറിച്ചിരുന്നില്ല. അനുമതി കിട്ടാൻ ബുദ്ധിമുട്ടാണെന്നും റവന്യു, വനംവകുപ്പ് എന്നിവയുടെ അനുമതി വേണമെന്നുമാണ് അന്ന് പറഞ്ഞത്. പിന്നെ കുറെ കഴിഞ്ഞപ്പോൾ ഭീഷണിയായ മരത്തിൻറെ ചില്ല മാത്രം വെട്ടി തന്നു. അതിനുശേഷമാണ് സുജിത്ത് ദാസ് എസ്‍പിയായി വന്നത്. പിന്നീട് അപേക്ഷ നൽകിയിട്ടില്ലെന്നും ഫരീദ പറയുന്നു.

ഇതിനിടെയാണ് മരം മുറിക്കുന്നത്. മരം മുറിച്ച് അവിടെ ഇട്ടിരിക്കുകയായിരുന്നു. മരം മുറിച്ചശേഷം പൊലീസ് സെക്യൂരിറ്റി ഗാർഡാണ് എഴുതി ഒപ്പിട്ടു തരാൻ ആവശ്യപ്പെട്ടത്. വീടിന് അപകട ഭീഷണിയുള്ളതിനാലാണ് മരം മുറിച്ചതെന്ന് അപേക്ഷ നൽകാനാണ് പറഞ്ഞത്. സെപ്റ്റംബർ 2023നാണെന്നാണ് അപേക്ഷ നൽകിയെതന്നാണ് ഓർമ. പിന്നീടാണ് അനധികൃതമായാണ് മരം മുറിച്ചതെന്ന ആരോപണം ഉയർന്നതായി അറിഞ്ഞത്. അതിനുശേഷം അബ്ദുൾ കരീം സാർ എസ്‍പിയായിരുന്നപ്പോൾ മുറിച്ചതാണെന്ന് പറയണമെന്ന് പറഞ്ഞിരുന്നു. എന്നാൽ, കരീം സാർ ഉണ്ടായിരുന്നപ്പോൾ അപകടഭീഷണിയായ ചില്ല മാത്രമാണ് മുറിച്ചതെന്നും മരം മുറിച്ചിരുന്നില്ലെന്നും ഫരീദ മാധ്യമങ്ങളോട് പറഞ്ഞു.

പിവി അൻവർ എംഎൽഎ ആരോപണം ഉന്നയിക്കുന്ന മലപ്പുറം മുൻ എസ്‍പി സുജിത്ത് ദാസിനെ വെട്ടിലാക്കുന്നതാണ് പുതിയ വെളിപ്പെടുത്തൽ. സുജിത്ത് ദാസ് മലപ്പുറം എസ്‍പിയായിരുന്നപ്പോഴാണ് മരം മുറി നടന്നതെന്നാണ് ക്യാമ്പ് ഓഫീസിന് സമീപത്ത് താമസിക്കുന്ന ഫരീദയുടെ നിർണായക വെളിപ്പെടുത്തൽ. മരം മുറിച്ചുകടത്തിയ സംഭവത്തിൽ അന്വേഷണം വേണമെന്നാണ് പിവി അൻവറിൻറെ ആവശ്യം. അതേസമയം, അപകടഭീഷണി ഉയർത്തി മരത്തിൻറെ ചില്ലകൾ മാത്രമാണ് മുറിച്ചു നീക്കിയതെന്നാണ് പൊലീസ് റിപ്പോർട്ട്. എന്നാൽ, ഇതിനെതിരെയാണിപ്പോൾ അയൽവാസിയുടെ വെളിപ്പെടുത്തൽവരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *