ദുബായിലെ ആഡംബര നൗക ഇനി ആസിഫിന്റെ പേരിൽ; വിവാദത്തിൽ വേറിട്ട പിന്തുണയുമായി കമ്പനി, ലൈസന്‍സിലും പേര് മാറ്റും
ദുബായ്: ആഡംബര നൗകയ്ക്ക് നടന്‍ ആസിഫ് അലിയുടെ പേര്. ദുബൈ മറീനയിലെ വാട്ടര്‍ ടൂറിസം കമ്പനി ഡി3യാണ് നടന്റെ പേര് നൽകിയത്. ആസിഫ് അലിയുടെ പേര് നൗകയിൽ പതിപ്പിച്ച ഫോട്ടോ പുറത്തുവിട്ടു. രജിസ്ട്രേഷന്‍ ലൈസന്‍സിലും പേര് മാറ്റുമെന്ന് കമ്പനി അറിയിച്ചു. സംരംഭകർ പത്തനംതിട്ട സ്വദേശികൾ ആയതിനാൽ ജില്ലയുടെ വാഹന റജിസ്ട്രേഷനിലെ 3 ഉൾപ്പെടുത്തിയാണ് കമ്പനിക്കു ഡി3 എന്ന പേരു നൽകിയത്.
സംഗീത സംവിധായകന്‍ രമേശ് നാരായണനുമായി ബന്ധപ്പെട്ട വിവാദം ആസിഫ് അലി കൈകാര്യം ചെയ്ത രീതിയോടുള്ള ആദരവും പിന്തുണയും അറിയിച്ചാണ് ഈ പേരുമാറ്റം. പല നിലയിൽ വഷളാകുമായിരുന്ന വിഷയം പക്വതയോടെ കൈകാര്യം ചെയ്ത ആസിഫ് അലി എല്ലാവർക്കും മാതൃകയാണെന്ന് ഡി3 ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ ഷെഫീഖ് മുഹമ്മദ് അലി പറഞ്ഞു. വർഗീയവിദ്വേഷം വരെ അഴിച്ചുവിടാൻ ചിലർ ശ്രമിച്ചു. അത്തരം നീക്കങ്ങളെ ചിരിയോടെ നേരിട്ട ആസിഫ് അലി, നിർണായകഘട്ടങ്ങളിൽ മനുഷ്യർ എങ്ങനെയാണ് പെരുമാറേണ്ടതെന്നു കാണിച്ചുതന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എം ടി വാസുദേവൻ നായരുടെ ഒമ്പത് കഥകളെ ആസ്‍പദമാക്കി മനോരഥങ്ങള്‍ എന്ന ആന്തോളജി സിനിമയുടെ പ്രമോഷണല്‍ ചടങ്ങിലായിരുന്നു വിവാദ സംഭവം. ട്രെയിലര്‍ ലോഞ്ചില്‍ മനോരഥങ്ങള്‍ എന്ന സിനിമയുടെ പ്രവര്‍ത്തകരെ ആദരിച്ചിരുന്നു. സ്വര്‍ഗം തുറക്കുന്ന സമയം എന്ന ചിത്രത്തില്‍ പണ്ഡിറ്റ് രമേഷ് നാരായണ്‍ ആയിരുന്നു സംഗീതം നല്‍കിയത്. അദ്ദേഹത്തിന് ചടങ്ങില്‍ പുരസ്‍കാരം നല്‍കാൻ ആദ്യം ക്ഷണിച്ചത് ആസിഫ് അലിയെ ആയിരുന്നു. എന്നാല്‍ ആസിഫ് പുരസ്‍കാരം നല്‍കിയപ്പോള്‍ താരത്തെ നോക്കാനോ ഹസ്‍തദാനം നല്‍കാനോ തയ്യാറായിരുന്നില്ല സംഗീതജ്ഞൻ രമേഷ് നാരായണൻ. സംവിധായകൻ ജയരാജിനെ രമേഷ് നാരായണൻ വിളിക്കുകയും ഒന്നുകൂടി പുരസ്‍കാരം നല്‍കാൻ ആവശ്യപ്പെടുകയുമായിരുന്നു. തുടര്‍ന്ന് ജയരാജ് പുരസ്‍കാരം നല്‍കി. സംഭവം വലിയ വിവാദമായി മാറിയിരുന്നു.