ചുരുട്ടിക്കൂട്ടി കളഞ്ഞ ലോട്ടറി ടിക്കറ്റിന് കോടികളുടെ സമ്മാനം; യുവതി വലിച്ചെറിഞ്ഞിട്ടും ഭാഗ്യം വിടാതെ പിന്തുടർന്നു

സൗത്ത് കരോലിന: യുവതി ചുരുട്ടിക്കൂട്ടി വലിച്ചെറിഞ്ഞ ലോട്ടറി ടിക്കറ്റിന് അടിച്ചത് 1.6 കോടി രൂപ. ഫലം പ്രഖ്യാപിച്ച് ടിക്കറ്റുമായി ഒത്തുനോക്കിയ ശേഷമാണ് യുവതി ടിക്കറ്റ് വലിച്ചെറിഞ്ഞത്. ടിക്കറ്റ് പൂർണമായും സ്ക്രാച്ച് ചെയ്യാതിരുന്നതിനാൽ തനിക്ക് സമ്മാനം ലഭിച്ചില്ല എന്ന് കരുതിയാണ് യുവതി ടിക്കറ്റ് വലിച്ചെറിഞ്ഞത്. എന്നാൽ, ഭാഗ്യദേവക അവരെ കൈവിടാൻ ഒരുക്കമായിരുന്നില്ല.
അമേരിക്കയിലെ സൗത്ത് കരോലിനയിലാണ് സംഭവം. സൗത്ത് കരോലിന എജ്യുക്കേഷൻ ലോട്ടറി ടിക്കറ്റാണ് യുവതി വാങ്ങിയത്. ടിക്കറ്റ് സ്ക്രാച്ച് ചെയ്തപ്പോൾ കണ്ട നമ്പറിൽ യുവതിക്ക് വലിയ വിശ്വാസം തോന്നിയില്ല. അവരത് ചവറ്റുകൊട്ടയിൽ ഇട്ടു. എന്നാൽ, ഭാഗ്യം അവരുടെ ഭർത്താവിൻറെ രൂപത്തിലെത്തി. അദ്ദേഹം ചവറ്റുകൊട്ടയിലിട്ട ലോട്ടറി ടിക്കറ്റ് കണ്ടു. പകുതി മാത്രം സ്ക്രാച്ച് ചെയ്ത ലോട്ടറി ടിക്കറ്റ് അയാളെടുത്ത് മുഴുവനായും സ്ക്രാച്ച് ചെയ്തു.
അതിലുണ്ടായിരുന്ന നമ്പറുകൾ കണ്ടപ്പോൾ അന്പരന്നുപോയി. അത് സമ്മാനമടിച്ച നമ്പറായിരുന്നു. വിവരമറിഞ്ഞ് ഭാര്യയും ഞെട്ടി. കൈമോശം വരുമായിരുന്ന ലോട്ടറി ഭാഗ്യം തിരികെ ലഭിച്ചതിൻറെ ആശ്ചര്യത്തിലും സന്തോഷത്തിലുമാണ് ഇപ്പോൾ ദമ്പതികൾ. ലോട്ടറിയടിച്ച സ്ത്രീയുടെ പേര് ഉൾപ്പെടെയുള്ള വിവരങ്ങൾ റിപ്പോർട്ടുകളിലില്ല.