ലോക്സഭാ തിരഞ്ഞെടുപ്പ്; 40 മണ്ഡലങ്ങളിൽ ഫലം മാറി മറിയുമോ? ഇന്ത്യസഖ്യത്തിന്റെ പ്രതീക്ഷയും ബിജെപിക്ക് പ്രതിസന്ധിയും

 ലോക്സഭാ തിരഞ്ഞെടുപ്പ്; 40 മണ്ഡലങ്ങളിൽ ഫലം മാറി മറിയുമോ? ഇന്ത്യസഖ്യത്തിന്റെ പ്രതീക്ഷയും ബിജെപിക്ക് പ്രതിസന്ധിയും

ന്യൂഡല്‍ഹി: ബി.ജെ.പി. 2019-ല്‍ കഷ്ടിച്ച് വിജയിച്ചത് 40 ലോക്സഭാ മണ്ഡലങ്ങളില്‍. ഇന്ത്യസഖ്യത്തിന്റെ പ്രതീക്ഷയും ബി.ജെ.പി.യുടെ പ്രതിസന്ധിയുടെ ഈ മണ്ഡലങ്ങളാണ്. ഇത്തവണയും നൂല്‍പ്പാലത്തിലൂടെ ബി.ജെ.പി. സ്ഥാനാര്‍ഥികള്‍ കടന്നുകൂടുമോ അതോ നേരിയ വോട്ടിന് കഴിഞ്ഞതവണ നഷ്ടമായ ഈ മണ്ഡലങ്ങള്‍ എതിര്‍സ്ഥാനാര്‍ഥികള്‍ പിടിച്ചെടുക്കുമോ?

അമ്പതിനായിരത്തില്‍താഴെ വോട്ടുകള്‍ക്കാണ് ബി.ജെ.പി. കഴിഞ്ഞതവണ 40 മണ്ഡലങ്ങള്‍ പിടിച്ചത്. ഇതില്‍ 14-ഉം ബി.ജെ.പി. ഏറെ പ്രതീക്ഷയോടെ മത്സരിക്കുന്ന ഉത്തര്‍പ്രദേശിലാണ്. 2019-ല്‍ ബി.ജെ.പി. വിരുദ്ധവോട്ടുകള്‍ വിവിധ പ്രതിപക്ഷപാര്‍ട്ടികളുടെ സ്ഥാനാര്‍ഥികള്‍ക്കായി വിഭജിച്ചുപോയിരുന്നു. ഇത്തവണ വിശാലസഖ്യമുള്ളതുകൊണ്ട് ആ സാഹചര്യമില്ലെന്ന് ഇന്ത്യസഖ്യം നേതാക്കള്‍ കണക്കുകൂട്ടുന്നു. ആ കണക്കുകൂട്ടല്‍ യാഥാര്‍ഥ്യമാകുമോയെന്നാണ് ബി.ജെ.പി.യുടെ ആശങ്ക.

മൂന്നാമതും സര്‍ക്കാര്‍ രൂപവത്കരിക്കാനുള്ള ഭൂരിപക്ഷം നേടിയെടുക്കണമെങ്കില്‍ ഈ 40 സീറ്റുകളിലെ ഫലം എന്‍.ഡി.എ.യ്ക്ക് നിര്‍ണായകമാണ്.
കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യു.പി.എ. സര്‍ക്കാര്‍ തുടര്‍ച്ചയായ രണ്ടാംതവണ അധികാരത്തിലെത്തിയ 2009-ലെ ലോക്സഭാതിരഞ്ഞെടുപ്പില്‍ ഈ 40 മണ്ഡലങ്ങളില്‍ 23-ലും ചെറുകക്ഷികളാണ് മത്സരിച്ചത്. ഇപ്പോള്‍ ഇന്ത്യസഖ്യത്തിന്റെ ഭാഗമായ പാര്‍ട്ടികളുടെ സ്ഥാനാര്‍ഥികളാണ് ഈ സീറ്റുകളില്‍ ജയിച്ചതും. ബി.ജെ.പി.ക്ക് ജയിക്കാനായത് ഏഴിടത്തുമാത്രം.

2019-ല്‍ പതിനായിരത്തില്‍ താഴെ വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ ബി.ജെ.പി. ജയിച്ചത് പത്തിടത്താണ്. 2019 -ല്‍ ബി.ജെ.പി. 1817 വോട്ടിന് ജയിച്ച കര്‍ണാടകയിലെ ചാമരാജനഗറില്‍ 1952 മുതല്‍ 1991 വരെ തുടര്‍ച്ചയായി ജയിച്ചത് കോണ്‍ഗ്രസാണ്.

Leave a Reply

Your email address will not be published. Required fields are marked *