നീ ഇറങ്ങ്,ഞാൻ ഓടിക്കാം; വന്ദേഭാരത് ആര് ഓടിക്കുമെന്നതിനെ ചൊല്ലി കുട്ടികളെ പോലെ തമ്മിലടിച്ച് ലോക്കോ പൈലറ്റുമാർ
ജയ്‌പൂർ: രാജസ്ഥാനിലെ ഗംഗാപുർ സിറ്റി ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിൽ വന്ദേഭാരത് ആര് ഓടിക്കുമെന്നതിനെ ചൊല്ലി ലോക്കോ പെെലറ്റുമാർ തമ്മിൽ കൂട്ടത്തല്ല്. പുതിയതായി സർവീസ് ആരംഭിച്ച ആഗ്ര- ഉദയ്‌പുർ വന്ദേഭാരത് എക്‌സ്‌പ്രസ് ഓടിക്കുന്നതിനെ ചൊല്ലിയുള്ള തർക്കമാണ് കയ്യേറ്റത്തിൽ കലാശിച്ചത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് സംഭവം നടന്നത്.
ആഗ്രയിൽ നിന്നുള്ള ലോക്കോ പെെലറ്റും അസിസ്റ്റന്റ് ലോക്കോ പെെലറ്റുമാണ് വന്ദേഭാരത് നിയന്ത്രിച്ചത്. ട്രെയിൻ ഗംഗാപുർ ജംഗ്ഷൻ സ്റ്റേഷനിൽ എത്തിയപ്പോൾ അവിടുത്തെ ജീവനക്കാർ ഇവരോട് പുറത്തിറങ്ങാൻ പറയുകയും തങ്ങൾ ഓടിക്കാമെന്ന് പറയുകയും ചെയ്തു. പിന്നാലെയാണ് ആക്രമണം ഉണ്ടായത്. ക്യാബിൻ അകത്ത് നിന്ന് പൂട്ടിയതിന് പിന്നാലെ ഗംഗാപുർ ജീവനക്കാർ കാബിന്റെ ചില്ലും വാതിലും തകർക്കുകയായിരുന്നു. ക്യാബിനിലേക്ക് ഇരച്ചുകയറിയ സംഘം ഇരുവരെയും പുറത്തേക്കിടുകയും മർദ്ദിക്കുകയുമായിരുന്നു. പൊലീസ് ഉദ്യോഗസ്ഥർ സംഘർഷം നിയന്ത്രിക്കാൻ ശ്രമിക്കുകയും ചെയ്യുന്നു.
ആഗ്ര റെയിൽവേ ഡിവിഷനിലേയും കോട്ട ഡിവിഷനിലേയും ജീവനക്കാരാണ് തമ്മിലടിച്ചത്. സംഭവത്തിൽ ലോക്കോ പെെലറ്റിനും സഹായിക്കും മർദ്ദനമേറ്റതായും റിപ്പോർട്ടുണ്ട്. സംഭവത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.