ഉഷ്‌ണതരംഗത്തിൽ വലഞ്ഞ് അഭിഭാഷകരും; കറുത്ത കോട്ടും ഗൗണും ഉപയോഗിക്കുന്നതിൽ ഇളവ് വേണമെന്ന് ആവശ്യം

 ഉഷ്‌ണതരംഗത്തിൽ വലഞ്ഞ് അഭിഭാഷകരും; കറുത്ത കോട്ടും ഗൗണും ഉപയോഗിക്കുന്നതിൽ ഇളവ് വേണമെന്ന് ആവശ്യം

ന്യൂഡൽഹി: ഉഷ്ണ തരംഗം രൂക്ഷമായതോടെ ഡ്രസ്സ് കോഡിൽ ഇളവ് തേടി അഭിഭാഷകർ. കറുത്ത കോട്ടും ഗൗണും ഉപയോഗിക്കുന്നതിൽ ഇളവ് വേണമെന്നാണ് അഭിഭാഷകരുടെ ആവശ്യം. കറുത്ത വസ്ത്രങ്ങൾ ഉപയോഗിക്കുന്ന കാര്യത്തിൽ സുപ്രീകോടതി ഇടപെടലാണ് അഭിഭാഷകർ പ്രതീക്ഷിക്കുന്നത്. 1961 മുതലുള്ള ഡ്രെസ് കോഡിലുള്ള മാറ്റം വേണമെന്നും അഭിഭാഷകർ അഭിപ്രായപ്പെട്ടതായും അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. വേനൽക്കാലത്ത് കറുത്ത കോട്ടിനും ഗൌണിനും മൂന്ന് ഹൈക്കോടതികൾ ഇളവ് അനുവദിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്.

ഡൽഹിയിലെ ഒരു കോടതിയിൽ കേസ് പരിഗണിക്കുന്നത് കനത്ത ചൂടിൽ മാറ്റി വച്ചതായാണ് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നത്. സുപ്രീം കോടതിയും ഹൈക്കോടതിയും പോലുള്ള ഉയർന്ന കോടതികളിൽ എയർ കണ്ടീഷണർ അടക്കമുള്ള സംവിധാനങ്ങൾ ഉണ്ടെങ്കിലും മിക്ക കീഴ്ക്കോടതികളിലും ഇത്തരം സംവിധാനങ്ങളില്ല. ചിലയിടങ്ങളിൽ കോടതിമുറികളിൽ കാറ്റ് പോലും കയറുന്നത് ദുഷ്കരമായ സാഹചര്യമെന്നാണ് റോയിട്ടേഴ്സ് റിപ്പോർട്ട് വിശദമാക്കുന്നത്.

ഉഷ്ണ തരംഗം ശക്തമായതിന് പിന്നാലെ ഡൽഹിയിൽ 50 ഡിഗ്രി സെൽഷ്യസ് റിപ്പോർട്ട് ചെയ്തത് ഈ ആഴ്ചയാണ്. ദ്വാരകയിലെ കൺസ്യൂമർ കോടതിയിൽ വ്യാഴാഴ്ച കേസുകൾ പരിഗണിച്ചത് പ്രവർത്തിക്കാത്ത എസികളുടെ സാന്നിധ്യത്തിലായിരുന്നുവെന്നാണ് റിപ്പോർട്ട്. 2021ൽ സുപ്രീം കോടതി ജസ്റ്റിസ് ഇന്ത്യയിലെ കോടതിയിലെ സൌകര്യക്കുറവുകളേക്കുറിച്ച് തുറന്ന് പറഞ്ഞിരുന്നു. ദില്ലിയിലെ അഭിഭാഷകനായ ശൈലേന്ദ്ര മണി ത്രിപാഠി ഡ്രെസ് കോഡിൽ മാറ്റം ആവശ്യപ്പെട്ട് ഇതിനോടകം സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *